പോൾ മുത്തൂറ്റ് വധക്കേസ്; ഹൈക്കോടതി വിധിക്കെതിരെ മുത്തൂറ്റ് കുടുംബം സുപ്രീംകോടതിയില്‍

  • 24/07/2022

ദില്ലി: പോൾ മുത്തൂറ്റ് വധക്കേസില്‍ ഹൈക്കോടതി വിധിക്കെതിരെ മുത്തൂറ്റ് കുടുംബം സുപ്രീംകോടതിയെ സമീപിച്ചു. എട്ട് പ്രതികളുടെ ജീവപര്യന്തം റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെയാണ് മുത്തൂറ്റ് കുടുംബത്തിന്‍റെ ഹർജി. ഒന്നാം പ്രതി ജയചന്ദ്രനെ വിട്ടയച്ച വിധിക്കെതിരായ അപ്പീൽ നാളെ സുപ്രീംകോടതിയില്‍ ജസ്റ്റിസ് അബ്ദുൾ നസീർ അധ്യക്ഷനായ ബഞ്ച് പരിഗണിക്കും. 

2009ന് രാത്രി ആലുപ്പുഴ- ചങ്ങനാശ്ശേരി റൂട്ടിലെ പൊങ്ങ ജംഗ്ഷനിലായിരുന്നു പോൾ മുത്തൂറ്റ് കൊല്ലപ്പെടുന്നത്. ക്വട്ടേഷൻ ആക്രമണത്തിനായി ആലപ്പുഴയിലേക്ക് പോകുകയായിരുന്ന പ്രതികളുമായി ഒരു ബൈക്ക് അപകടത്തെ ചൊല്ലി പോൾ വാക്കുത്തർക്കത്തിൽ ഏർപ്പെട്ടു. തുടർന്ന് കാറിലുണ്ടായിരുന്ന പോളിനെ പുറത്തിറക്കി കത്തികൊണ്ട് കുത്തി കൊലപ്പെടുത്തിയെന്നാണ് പ്രോസിക്യൂഷൻ കേസ്.  

കേസിലെ എട്ട് പ്രതികളെ 2019 ലാണ് ഹൈക്കോടതി വെറുതെവിട്ടത്. കേസിലെ കൊലക്കുറ്റം റദ്ദാക്കിയാണ് ഹൈക്കോടതി വിധി. രണ്ടാം പ്രതി കാരി സതീശ് ഹൈക്കോടതിയിൽ അപ്പീൽ ഫയൽ ചെയ്തിരുന്നില്ല. അതുകൊണ്ടുതന്നെ ശിക്ഷ റദ്ദാകുകയും ചെയ്തില്ല. കേസിലെ ഒമ്പതാം പ്രതിയെ എല്ലാ ശിക്ഷകളിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. 

പ്രതികൾക്ക് കൊലപാതകം അടക്കമുള്ള കുറ്റകൃത്യത്തിൽ നേരിട്ട് പങ്കെുണ്ടെന്ന് തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് വിലയിരുത്തിയാണ് പ്രതികളെ വെറുതെവിട്ടത്. സിബിഐയാണ് കേസ് അന്വേഷിച്ചത്. വിവാദങ്ങളുടെ പശ്ചാത്തലത്തിൽ 2010 ജനുവരിയിൽ കേസന്വേഷണം ഹൈക്കോടതി സിബിഐയ്ക്ക് വിടുകയായിരുന്നു. 

2015 ലാണ് 9 പ്രതികളെ ജീവപര്യന്തം തടവിനും 4 പ്രതികളെ മൂന്ന് വ‍ഷം കഠിന തടവിനും സിബിഐ കോടതി ശിക്ഷിച്ചത്. ഇതിനെതിരെയാണ് പ്രതികള്‍ ഹൈക്കോടതിയെ സമീപിച്ചത്. 

Related News