ശ്രീറാം വെങ്കിട്ടരാമനെ കലക്ടറാക്കിയ നടപടിക്കെതിരായ കോണ്‍ഗ്രസ് പ്രതിഷേധം ഇന്ന്

  • 25/07/2022

ജില്ലാ കലക്ടറായി ശ്രീറാം വെങ്കിട്ടരാമനെ നിയമിച്ചതിനെതിരെ ആലപ്പുഴയില്‍ പരസ്യ പ്രതിഷേധ സമരവുമായി കോണ്‍ഗ്രസ്. ജൂലൈ 25 രാവിലെ പത്തിന് കലക്ടറേറ്റിനു മുന്നില്‍ ഡിസിസിയുടെ നേത്യത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ധര്‍ണ നടത്തും. പത്രപ്രവര്‍ത്തകന്‍ കെ.എം. ബഷീറിന്റെ കൊലപാതകത്തില്‍ വിചാരണ നേരിടുന്ന ശ്രീറാമിനെ കലക്ടറായി നിയമിച്ചത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തുന്നു.


ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ലാ കളക്ടറായി നിയമിച്ചതിനെതിരെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ രമേശ് ചെന്നിത്തലയും കെ.സി. വേണുഗോപാലും സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ചു. ''കേരളത്തിലെ സി.പി.എം. ഭരണത്തിന് ജനങ്ങളോട് ഒരു ബാധ്യതയുമില്ല. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് മാധ്യമപ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ പ്രതിയായ വ്യക്തിയെ ഒരു ജില്ലയുടെ ചുമതല ഏല്‍പ്പിച്ചത്,' ഞായറാഴ്ച കോഴിക്കോട്ട് നടന്ന പാര്‍ട്ടി സംസ്ഥാന ചിന്തന്‍ ശിബിരത്തില്‍ വേണുഗോപാല്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

ശ്രീറാമിന്റെ നിയമനം ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് ചെന്നിത്തല പറഞ്ഞു. ''കൊലപാതകക്കേസില്‍ ഇതുവരെ കുറ്റവിമുക്തനാക്കപ്പെട്ടിട്ടില്ലാത്ത ആളാണ് ആലപ്പുഴയുടെ തലപ്പത്തെത്തുന്നത്. ശ്രീറാം വെങ്കിട്ടരാമനെതിരെ വ്യക്തിപരമായ പരാമര്‍ശങ്ങള്‍ നടത്താന്‍ ഞാന്‍ തയ്യാറല്ല. കലക്ടര്‍മാരെ പൊതുവെ നിയമിക്കുന്നത് സര്‍ക്കാരാണ്,'' ചെന്നിത്തല പറഞ്ഞു. തീരുമാനം പുനഃപരിശോധിക്കണമെന്ന് അദ്ദേഹം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
ശ്രീറാം വെങ്കിട്ടരാമന്റെ നിയമനം വിവാദമായതോടെ പൊതുവിമര്‍ശനം ഒഴിവാക്കാന്‍ ആലപ്പുഴ ജില്ലാ കളക്ടറുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലെ കമന്റ് ഓപ്ഷന്‍ അടച്ചിരിക്കുകയാണ്.

ശ്രീറാം വെങ്കിട്ടരാമനെ കലക്ടായി നിയമിച്ച നടപടി പിന്‍വലിക്കണമെന്ന് മുസ്ലിം ലീഗ് ആലപ്പുഴ ജില്ലാകമ്മിറ്റിയും ആവശ്യപ്പെട്ടിട്ടുണ്ട്. നിയമനം ആലപ്പുഴയ്ക്ക് അപമാനമെന്ന് മുസ്ലീം ലീഗ് ജില്ലാ പ്രസിഡന്റ എ.എം. നസീര്‍ പറഞ്ഞു.


Related News