വടകര കസ്റ്റഡി മരണത്തില്‍ 66 പോലീസുകാരെ സ്ഥലം മാറ്റി

  • 26/07/2022

കോഴിക്കോട്: വടകരയില്‍ പോലീസ് കസ്റ്റഡിയിലെടുത്ത യുവാവ് മരിച്ച സംഭവത്തില്‍ പോലീസുകാര്‍ക്കെതിരെ കൂട്ടനടപടി. സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ ഉള്‍പ്പടെ 66 പോലീസുകാരെ സ്ഥലംമാറ്റി. വടകര താഴേ കോലോത്ത് പൊന്‍മേരിപറമ്പില്‍ സജീവന്‍ (42) മരിച്ച സംഭവത്തിലാണ് നടപടി. 

സംഭവത്തില്‍ എസ്ഐ അടക്കം മൂന്ന് പേരെ നേരത്തെ സസ്പെന്‍ഡ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് കൂടുതല്‍ പോലീസുകാര്‍ക്കെതിരെ നടപടി ഉണ്ടായിരിക്കുന്നത്.കുഴഞ്ഞുവീണ സജീവനെ യഥാസമയം ആശുപത്രിയില്‍ എത്തിക്കുന്നതില്‍ വീഴ്ച പറ്റി എന്നതിന്റെ പേരിലാണ് പോലീസുകാരെ സ്ഥലംമാറ്റിയുള്ള നടപടി. മരിച്ച സജീവനോട് മാനുഷിക പരിഗണന പോലീസുകാര്‍ കാണിച്ചില്ലെന്നും പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തി. കൂടുതല്‍ അന്വേഷണങ്ങള്‍ക്ക് ശേഷം തുടര്‍ നടപടികളുണ്ടാകുമെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിക്കുന്നത്.വാഹനാപകടക്കേസില്‍ വ്യാഴാഴ്ച രാത്രിയാണ് സജീവനെ പോലീസ് കസ്റ്റഡിയിലെടുത്തത്. വടകര തെരുവത്ത് വെച്ച് രണ്ട് കാറുകള്‍ തമ്മില്‍ അപകടം ഉണ്ടായിരുന്നു. അപകടത്തെ തുടര്‍ന്ന് നഷ്ടപരിഹാരത്തെ ചൊല്ലി ഇരുകൂട്ടരും തമ്മില്‍ റോഡില്‍ ബഹളമുണ്ടായി. പൊതുസ്ഥലത്ത് ബഹളമുണ്ടാക്കിയതിന്റെ പേരില്‍, ഇതില്‍ ഒരു കാറില്‍ ഉണ്ടായിരുന്ന സജീവനെ പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. മദ്യപിച്ചെന്ന പേരില്‍ മര്‍ദിച്ചെന്നും സജീവന്‍ സ്റ്റേഷന് മുമ്പില്‍ കുഴഞ്ഞുവീണ് മരിച്ചെന്നുമാണ് ബന്ധുക്കള്‍ പറയുന്നത്. രാത്രി 11.30 ഓടെയാണ് സംഭവം. 

സ്റ്റേഷനില്‍വെച്ച് തന്നെ സജീവന്‍ നെഞ്ച് വേദനയുള്ളതായി പറഞ്ഞിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു. മദ്യപിച്ച കാര്യം പോലീസിനോട് സമ്മതിച്ചെന്നും ഉടന്‍ എസ്.ഐ. അടിച്ചെന്നും സുഹൃത്തുക്കള്‍ ആരോപിക്കുന്നു. ഇരുപത് മിനുറ്റോളം സ്റ്റേഷനില്‍ ഉണ്ടായിരുന്നു. അവിടെനിന്ന് പുറത്തിറങ്ങിയപ്പോള്‍ സജീവന്‍ കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ സജീവനെ ഓട്ടോയില്‍ വടകര സഹകരണ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. സംഭവത്തില്‍ ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി. ഹരിദാസിന്റെ നേതൃത്തില്‍ അന്വേഷണം നടക്കുകയായിരുന്നു. പോലീസ് നടപടിയില്‍ പ്രദേശത്ത് വന്‍ പ്രതിഷേധവും ഉയര്‍ന്നിരുന്നു. തുടര്‍ന്നാണ് പോലീസുകാര്‍ക്കെതിരെ സസ്‌പെന്‍ഷനും നടപടിയും ഉണ്ടായിരിക്കുന്നത്.

Related News