ശ്രീറാം വെങ്കിട്ടരാമന്‍ നിയമന വിവാദത്തില്‍ സര്‍ക്കാരിനെതിരെ കാന്തപുരം വിഭാഗം

  • 26/07/2022

കോഴിക്കോട്: ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ കളക്ടറായി നിയമിച്ചതിനെതിരെ കേരള മുസ്ലിം ജമാഅത്ത് വ്യാപക പ്രക്ഷോഭത്തിന് ഒരുങ്ങുന്നു. ശനിയാഴ്ച സെക്രട്ടേറിയറ്റിലേക്കും കളക്ടറേറ്റുകളിലേക്കും പ്രതിഷേധ മാര്‍ച്ച് നടത്തും. ഇന്നലെ രാത്രി ചേര്‍ന്ന സംസ്ഥാന കമ്മിറ്റി യോഗത്തിന്റേതാണ് തീരുമാനം. കെ.എം ബഷീറിന്റെ മരണവുമായി ബന്ധപ്പെട്ട് ആദ്യമായാണ് കാന്തപുരം വിഭാഗം പരസ്യമായി സര്‍ക്കാരിനെതിരെ പ്രക്ഷോഭം നടത്തുന്നത്.


ശ്രീറാം വെങ്കിട്ടരാമന്റെ നിയമനത്തിനെതിരെ കോണ്‍ഗ്രസ് ശക്തമായ പ്രക്ഷോഭം നടത്തുകയാണ്. കെ.എം. ബഷീറിന്റെ മരണശേഷം സര്‍ക്കാര്‍ സ്വീകരിച്ച നടപടികളിലെല്ലാം കാന്തപുരം വിഭാഗം പൂര്‍ണ തൃപ്തിയാണ് അറിയിച്ചിരുന്നത്. കാന്തപുരം വിഭാഗം മുന്നോട്ടുവെച്ച ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിച്ചുവെന്ന വികാരമാണ് പൊതുവില്‍ ഉണ്ടായിരുന്നത്. എന്നാല്‍ അതിന് വിപരീതമായ വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ശ്രീറാം വെങ്കിട്ടരാമന്റെ വിഷയത്തില്‍ കാന്തപുരം വിഭാഗം സര്‍ക്കാരുമായി ഇടയുന്നുവെന്ന സൂചനകളാണ് മറനീക്കി പുറത്തുവരുന്നത്.

ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ലാ കളക്ടറായി നിയമിച്ചതിനെതിരെ രൂക്ഷ വിമര്‍ശനവുമായി കെ.എം ബഷീറിന്റെ സഹോദരന്‍ രംഗത്തെത്തിയിരുന്നു. സര്‍ക്കാര്‍ വാക്ക് പാലിച്ചില്ലെന്ന ഗുരുതര ആരോപണമാണ് കെ.എം ബഷീറിന്റെ സഹോദരന്‍ ഉന്നയിക്കുന്നത്. സര്‍ക്കാരും പ്രതി ശ്രീറാം വെങ്കിട്ടരാമനും കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുകയാണ്. പ്രതിയെ സംരക്ഷിക്കുന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. കളക്ടറാക്കിയ ഉത്തരവിനെതിരെ നിയമനടപടിയുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം ട്വന്റിഫോറിനോട് പറഞ്ഞു. രാത്രി ഒരു മണിക്ക് നടന്ന അപകടത്തില്‍ 7 മണിക്കാണ് എഫ്‌ഐആര്‍ ഇടുന്നത്. അതില്‍ത്തന്നെ ദുരൂഹതയുണ്ട്. രക്ത സാമ്പിള്‍ എടുക്കാന്‍ മെഡിക്കല്‍ കോളജിലേക്ക് റഫര്‍ ചെയ്തിട്ടും പ്രതിയെ കിംസിലാണ് കൊണ്ടുപോയത്. ഇത് അന്വേഷണം വൈകിപ്പിക്കാന്‍ വേണ്ടിയായിരുന്നു. മുഖ്യമന്ത്രിയെ കണ്ട് സംസാരിച്ചപ്പോള്‍ പ്രതിയെ രക്ഷപ്പെടാന്‍ അനുവദിക്കില്ലെന്നാണ് പറഞ്ഞിരുന്നത്. എന്നിട്ടാണ് ഇപ്പോള്‍ ആലപ്പുഴ കളക്ടറായി ശ്രീറാം വെങ്കിട്ടരാമനെ നിയമിച്ചിരിക്കുന്നത്. ഇത് സര്‍ക്കാരും ശ്രീറാം വെങ്കിട്ടരാമനും തമ്മിലുള്ള ഒത്തുകളിയാണ്. മുഖ്യമന്ത്രിയെ ഇനിയും കാണണമെന്നാണ് കരുതുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

Related News