യു.കെയിലെക്ക് കടക്കാന്‍ ശ്രമിച്ച ബിഷപ്പ് റസാലത്തെ ഇ.ഡി തടഞ്ഞു

  • 26/07/2022

തിരുവന്തപുരം: വിദേശത്തേക്ക് കടക്കാന്‍ ശ്രമിച്ച ബിഷപ്പിനെ എന്‍ഫോഴ്‌മെന്റ് ഉദ്യോഗസ്ഥര്‍ തടഞ്ഞു. കള്ളപ്പണ കേസില്‍ അന്വേഷണം നേരിടുന്ന സി.എസ്.ഐ ബിഷപ് ധര്‍മ്മരാജ് റസാലമാണ് യു.കെയിലേക്ക് കടക്കാന്‍ ശ്രമിച്ചത്. വിദേശത്തേക്ക് പോകരുതെന്ന നിര്‍ദ്ദേശം അവഗണിച്ചായിരുന്നു ബിഷപ് ധര്‍മ്മരാജ് റസാലത്തിന്റെ രഹസ്യ യാത്ര. ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ തടഞ്ഞുവച്ച ബിഷപ്പിനെ എന്‍ഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്തു. നാളെ കൊച്ചി ഓഫീസില്‍ ഹാജരാകാനും ബിഷപ്പിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഇന്നലെ സിഎസ്‌ഐ സഭാ ആസ്ഥാനത്ത് 13 മണിക്കൂറോളം ഇ.ഡി റെയ്ഡ് നടത്തിയിരുന്നു. റെയ്ഡിന് ശേഷം ഒരു രേഖകളും ഇ.ഡി പിടിച്ചെടുത്തിട്ടില്ലെന്നും സി.എസ്.ഐ ബിഷപ് ധര്‍മ്മരാജ് റസാലം സഭാ സമ്മേളനത്തിനായി യു.കെയിലേക്ക് പോകുമെന്നുമാണ് സഭാ പ്രതിനിധികള്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നത്. എന്നാല്‍ രാത്രി യുകെയിലേക്ക് പോവാന്‍ ശ്രമിച്ച ബിഷപ് ധര്‍മ്മരാജ് റസാലത്തെ ഇ.ഡി തടയുകയായിരുന്നു.
സഭാ സെക്രട്ടറി പ്രവീണ്‍, കാരക്കോണം മെഡിക്കല്‍ കോളജ് ഡയറക്ടര്‍ ബെനറ്റ് എബ്രഹാം എന്നിവരുടെ വീടുകളില്‍ ഇ.ഡി പരിശോധന നടത്തിയിരുന്നു. സഭാ സെക്രട്ടറി പ്രവീണിനെ വീണ്ടും ചോദ്യം ചെയ്യാനും ഇ.ഡി ശ്രമിക്കുന്നുണ്ട്. കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ബിഷപ് ധര്‍മ്മരാജ് റസാലമാണ് ഒന്നാം പ്രതി. സഭാ സെക്രട്ടറി പ്രവീണ്‍, കാരക്കോണം മെഡിക്കല്‍ കോളജ് ഡയറക്ടര്‍ ബെനറ്റ് എബ്രഹാം എന്നിവര്‍ രണ്ടും മൂന്നും പ്രതികളാണ്.

Related News