മാധ്യമം വിഷയത്തില്‍ കെ.ടി ജലീലിനെ തള്ളി മുഖ്യമന്ത്രി

  • 26/07/2022

തിരുവനന്തപുരം: മാധ്യമത്തിനെതിരെ കത്തയച്ച വിഷയം കെ ടി ജലീലുമായി സംസാരിച്ചിട്ടില്ലെന് മുഖ്യമന്ത്രി പിണറായി വിജയന്‍. കെ ടി ജലീല്‍ മാധ്യമത്തിനെതിരെ കത്ത് അയച്ചിട്ടുണ്ടെങ്കില്‍ അത് പാടില്ലാത്ത കാര്യമാണ്. പരസ്യമായപ്പോഴാണ് വിവരം അറിഞ്ഞതെന്നും ഈ വിഷയത്തില്‍ ജലീലിനോട് നേരിട്ട് സംസാരിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. നേരിട്ട് കണ്ട് വിഷയം സംസാരിക്കുമെന്നും അതിന് ശേഷം തുടര്‍ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


വിവാദത്തില്‍ കെ ടി ജലീലിനെ സിപിഐ എം നേരത്തെ തന്നെ തള്ളിയിരുന്നു. മാധ്യമത്തിനെതിരെ കടുത്ത നിലപാട് എടുത്തത് ശരിയായില്ലെന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍. മന്ത്രിയായിരിക്കുമ്പോള്‍ യുഎഇയ്ക്ക് കത്ത് എഴുതിയത് തെറ്റായ നടപടിയാണെന്നുമാണ് സിപിഐ എം വിലയിരുത്തുന്നു. മാധ്യമത്തിനെതിരെ കെ ടി ജലീല്‍ കത്തെഴുതിയത് പാര്‍ട്ടിയുമായി ആലോചിച്ചിട്ടല്ലെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. മാധ്യമം പത്രം നിരോധിക്കണമെന്ന നിലപാട് പാര്‍ട്ടിക്കില്ലെന്നും എല്ലാ എംഎല്‍എമാരും മന്ത്രിമാരും കത്തെഴുതുന്നത് പാര്‍ട്ടിയോട് ആലോചിച്ചിട്ടില്ലെന്നുമാണ് അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്. ജലീലിന്റേത് പ്രോട്ടോക്കോള്‍ ലംഘനമാണെങ്കില്‍ നടപടിയെടുക്കേണ്ടത് വിദേശകാര്യമന്ത്രാലയമാണ്. മാധ്യമം പത്രം മുന്‍പ് നിരോധിച്ചപ്പോഴും പാടില്ലെന്ന നിലപാടായിരുന്നു സിപിഐഎമ്മിന്റേതെന്നും കോടിയേരി വ്യക്തമാക്കി. ജലീലിന്റെ നടപടി തെറ്റല്ലേ എന്ന മാധ്യമപ്രവര്‍ത്തരുടെ ചോദ്യത്തിന് അങ്ങനെ വ്യാഖ്യാനിക്കേണ്ടെന്നും പാര്‍ട്ടി അഭിപ്രായം പറഞ്ഞ് കഴിഞ്ഞെന്നുമായിരുന്നു കോടിയേരിയുടെ മറുപടി.

Related News