ക്ലാസ് മുറിക്കകത്ത് വിദ്യാ‍ർത്ഥിനിയുടെ കാലിൽ ഉഗ്ര വിഷമുള്ള പാമ്പ് ചുറ്റി; അത്ഭുതകരമായി രക്ഷപ്പെട്ട് നാലാം ക്ലാസുകാരി

  • 26/07/2022

പാലക്കാട്: മങ്കര ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂളിൽ ക്ലാസ് മുറിക്കകത്ത് വച്ച് വിദ്യാ‍ർത്ഥിനിയുടെ കാലിൽ പാമ്പ് ചുറ്റി. ഉടൻ തന്നെ വിദ്യാർത്ഥിനിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാല്‍ പാമ്പ് കടിയേറ്റിട്ടില്ലെന്നാണ് നിഗമനം. കുട്ടിയെ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. 

ഉഗ്ര വിഷമുള്ള പാമ്പുകളിൽ ഒന്നായ വെള്ളിക്കെട്ടൻ ആണ് കുട്ടിയുടെ കാലിലൂടെ ഇഴഞ്ഞത്. പാമ്പ് കടിയേറ്റ പാട് ശരീരത്തിലില്ലെന്ന് ഡോക്ടർമാർ അറിയിച്ചു. ഇന്നലെ രാവിലെ ഒമ്പതര മണിയോടെയാണ് സംഭവം ഉണ്ടായത്. രാവിലെ സ്കൂളിലെത്തിയ നാലാം ക്ലാസ് വിദ്യാർത്ഥിനി ആശ്രയ ക്ലാസ് മുറിയിലേക്ക് പ്രവേശിക്കുന്നതിനിടെ അബദ്ധത്തിൽ വിഷപ്പാമ്പിനെ ചവിട്ടുകയായിരുന്നു. പാമ്പ് ഉടനെ കുട്ടിയുടെ കാലിൽ ചുറ്റി. എന്നാല്‍ കുട്ടി കാൽ ശക്തിയായ കുടഞ്ഞതോടെ പാമ്പ് തെറിച്ചുപോയി. സമീപത്തെ അലമാരയിൽ കയറി. 

പാമ്പ് കാലിൽ കയറിയ ഉടൻ കുടഞ്ഞതിനാലാണ് കടിയേൽക്കാതെ രക്ഷപ്പെടാനായത്. കുട്ടിയുടെ കരച്ചിൽ കേട്ട് ഓടിവന്ന അധ്യാപകർ പാമ്പിനെ പിടികൂടി തല്ലിക്കൊന്നു. അതേസമയം സ്കൂളിന്റെ പരിസരം കാടുപിടിച്ച അവസ്ഥയിലാണെന്ന് നാട്ടുകാർ ആരോപിച്ചു.  

Related News