സംസ്ഥാനത്ത് ഇത്തവണയും സൗജന്യ ഓണക്കിറ്റ് നല്‍കാന്‍ സര്‍ക്കാര്‍

  • 26/07/2022

തിരുവനന്തപുരം: സംസ്ഥാനത്ത് ഇക്കുറിയും സൗജന്യ ഓണകിറ്റ് നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഓണകിറ്റ് വിതരണത്തിന് 425 കോടി രൂപയുടെ ചെലവ് പ്രതീക്ഷിക്കുന്നു. ഈ വര്‍ഷം ഓണക്കിറ്റില്‍ 14 ഇനങ്ങള്‍ ഉള്‍പ്പെടുത്തും. തുണി സഞ്ചി ഉള്‍പ്പെടെ 14 ഇനങ്ങളാണ് ഉള്‍പ്പെടുത്തുകയെന്ന് മുഖ്യമന്ത്രി പറഞ്ഞു.
കൊവിഡ് പിടിമുറുക്കിയ ഘട്ടത്തിലാണ് ഭക്ഷ്യക്കിറ്റ് തുടങ്ങിയത്. ഈ പദ്ധതി ജനത്തിന് നല്ല തോതില്‍ പ്രയോജനം ചെയ്തു. കൊവിഡ് കുറഞ്ഞതോടെ കിറ്റ് അവസാനിപ്പിച്ചിരുന്നു. കഴിഞ്ഞ ഓണത്തിന് വീണ്ടും കിറ്റ് നല്‍കിയിരുന്നു. കേരളം വലിയ സാമ്പത്തിക പ്രയാസം നേരിടുന്നെങ്കിലും ഈ വരുന്ന ഓണത്തിന് ഈ വര്‍ഷവും ഓണക്കിറ്റ് നല്‍കുമെന്ന് അദ്ദേഹം വ്യക്തമാക്കി.


കിഫ്ബി വഴി വികസനം നടത്താനുള്ള സര്‍ക്കാര്‍ ശ്രമത്തെ പരാജയപ്പെടുത്താനാണ് കേന്ദ്രം ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി ആരോപിച്ചു. കിഫ്ബിയുടെ വായ്പ കിഫ്ബിയുടെ വരുമാനത്തില്‍ നിന്നാണ് തിരിച്ചടക്കുന്നത്. കിഫ്ബി വായ്പ സര്‍ക്കാരിന്റെ കടമല്ല. കിഫ്ബി കടം കേരളത്തിന്റെ കടമായി വ്യാഖ്യാനിക്കുന്ന കടമായി വിലയിരുത്തുന്നത് തെറ്റാണ്. ഈ കാരണം പറഞ്ഞ് കേരളത്തിന്റെ കമ്പോള വായ്പാ പരിധി വെട്ടിക്കുറക്കാനുള്ള നടപടിയില്‍ നിന്ന് കേന്ദ്രം പിന്തിരിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കേരളത്തിന്റെ പശ്ചാത്തല സൗകര്യ വികസനത്തെ തടയാനുള്ള ശ്രമമാണിത്. വിലവര്‍ധനയ്ക്ക് കാരണമാകുന്ന ജിഎസ്ടി നിരക്ക് വര്‍ധന പിന്‍വലിക്കാന്‍ പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു. സാധാരണക്കാരെ ബാധിക്കുന്ന എല്ലാ നികുതി വര്‍ധനയ്ക്കും സര്‍ക്കാര്‍ എതിരാണ്. ഈ ജിഎസ്ടി നിരക്ക് വര്‍ധന സംബന്ധിച്ച കമ്മിറ്റികളില്‍ കേരളം വിരുദ്ധ നിലപാട് ഉയര്‍ത്തിപ്പിടിച്ചിരുന്നു. പലതരം പ്രയാസങ്ങള്‍ അതിജീവിച്ചാണ് കേരളം മുന്നോട്ട് പോകുന്നത്. ദേശീയ പാതാ വികസനത്തില്‍ വലിയ മാറ്റമുണ്ടാക്കിയത് കഴിഞ്ഞ ആറ് വര്‍ഷത്തിനിടയിലാണ്. അതിന് ചില പുതിയ അവകാശികള്‍ വരുന്നുണ്ട്. കേരളത്തിലെ ദേശീയപാതകളുടെ വികസനം അതോറിറ്റിയുടെ പരിധിയില്‍ വന്നത് തന്നെ സംസ്ഥാനം ഇടപെട്ടിട്ടാണ്. തിരുവനന്തപുരം ഔട്ട് ഓഫ് റിങ് റോഡ് പദ്ധതി സംസ്ഥാനത്തിന് അനുവദിച്ചത് ദേശീയ പാതാ വികസനത്തിലെ നിര്‍ണായക നേട്ടമാണെന്ന് അദ്ദേഹം വിശദീകരിച്ചു.

Related News