കാത്തിരുന്നുണ്ടായ കൺമണി പിറക്കുന്നതിനു മണിക്കൂറുകൾ മുമ്പ് പിതാവ് ബൈക്കപകടത്തില്‍ മരിച്ചു

  • 26/07/2022

തൃശൂർ: വിവാഹം കഴിഞ്ഞു മൂന്നു വർഷം കാത്തിരുന്നുണ്ടായ കുഞ്ഞ് പിറക്കുന്നതിനു മണിക്കൂറുകൾക്കു മുൻപ് പിതാവ് അപകടത്തില്‍ മരിച്ചു. വെസ്റ്റ് മങ്ങാട് പൂവത്തൂർ വീട്ടിൽ ബാലകൃഷ്ണന്റെ മകൻ ശരത്ത് (30) ആണ് ഇന്നലെ പുലർച്ചെ ബൈക്കപകടത്തിൽ മരിച്ചത്. 

ഇദ്ദേഹത്തിന്‍റെ ഭാര്യ നമിതയെ തലേന്നു വൈകിട്ട് തൃശൂർ അശ്വിനി ആശുപത്രിയിൽ പ്രസവത്തിനായി പ്രവേശിപ്പിച്ചിരുന്നു. ശരത്തിന്റെ അച്ഛനും അമ്മ ഷീലയും ആയിരുന്നു ഒപ്പമുണ്ടായിരുന്നത്. ഒടുവിൽ സിസേറിയനിലൂടെ ആൺകുഞ്ഞ് പിറന്നു. എന്നാല്‍ അതിന് മണിക്കൂറുകള്‍ക്ക് മുമ്പേ ശരത്ത് മരണപ്പെട്ടിരുന്നു. പ്രസവ ശസ്ത്രക്രിയാ മുറിയിൽ നിന്ന് ഇന്നലെ വൈകിട്ടും നമിതയെ പുറത്ത് എത്തിച്ചിട്ടില്ല. കുഞ്ഞിനെ കാണാതെ പ്രിയതമൻ പോയ വിവരം എങ്ങനെ അറിയിക്കുമെന്ന സങ്കടത്തിലാണ് വീട്ടുകാർ. 

പഴഞ്ഞി ചിറയ്ക്കൽ സെന്ററിൽ മൊബൈൽ ഫോൺ കട നടത്തുന്നതിനാൽ ശരത്ത് രാവിലെ എത്താമെന്നു പറഞ്ഞാണ് പോയത്. രാത്രി കടയടച്ച ശേഷം സുഹൃത്തിന്റെ ബൈക്കുമെടുത്തു മടങ്ങുമ്പോഴായിരുന്നു അപകടം. നിർമാണം പൂർത്തിയാകാത്ത റോഡിൽ മെറ്റലിട്ട ഭാഗത്തു ബൈക്ക് നിയന്ത്രണം വിട്ടു. മതിലിൽ ഇടിച്ചു വീണ ശരത്തിനെ നാട്ടുകാർ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

സുഹൃത്ത് ചൂൽപ്പുറത്ത് അനുരാഗ് (19) ഗുരുതര പരുക്കുകളോടെ ചികിത്സയിലാണ്. ഉച്ചയോടെ കുഞ്ഞു പിറന്നു. രാവിലെ സംസ്കാരത്തിനു മുൻപു നമിതയെ വിവരമറിയിച്ച് ശരത്തിനെ അവസാനമായി ഒരു നോക്ക് കാണിക്കേണ്ടതെങ്ങനെ എന്നറിയാതെ വിഷമിക്കുകയാണ് ബന്ധുക്കള്‍.

Related News