തമിഴ്‌നാട്ടില്‍ ഒരു വിദ്യാര്‍ത്ഥിനികൂടി ആത്മഹത്യ ചെയ്തു; രണ്ടാഴ്ചക്കിടെ നാലാമത്തെ ആത്മഹത്യ

  • 27/07/2022

ചെന്നൈ: തമിഴ്‌നാട്ടില്‍ കഴിഞ്ഞ ദിവസം പ്ലസ് ടു വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തതിന് പിന്നാലെ വീണ്ടും ഒരു വിദ്യാര്‍ഥിനികൂടി ആത്മഹത്യ ചെയ്തു. ശിവകാശിയിലാണ് സംഭവം. പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ ചൊവ്വാഴ്ച വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.ആത്മഹത്യാകുറിപ്പുകള്‍ ലഭിച്ചിട്ടില്ലെന്നും പെണ്‍കുട്ടി കഠിനമായ വയറുവേദന അനുഭവിച്ചിരുന്നുവെന്നും പോലീസ് പറഞ്ഞതായി എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

മൂന്ന് പ്ലസ് ടു വിദ്യാര്‍ഥിനികളും ഒരു പ്ലസ് വണ്‍ വിദ്യാര്‍ഥിനിയും ഉള്‍പ്പെടെ കഴിഞ്ഞ രണ്ടാഴ്ചകളിലായി നാല് വിദ്യാര്‍ഥിനികളാണ് തമിഴ്‌നാട്ടില്‍ ആത്മഹത്യ ചെയ്തത്. ഇതില്‍ മൂന്ന് മരണം കഴിഞ്ഞ രണ്ട് ദിവസങ്ങളിലാണ് സംഭവിച്ചിരിക്കുന്നത്. കടലൂര്‍ സ്വദേശിനിയായ പ്ലസ്ടു വിദ്യാര്‍ഥിനിയാണ് ചൊവ്വാഴ്ച ജീവനൊടുക്കിയ മറ്റൊരാള്‍. വിദ്യാര്‍ഥിനിയുടെ ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തതായും പഠനവുമായി ബന്ധപ്പെട്ട സമ്മര്‍ദവും അമ്മ വഴക്കുപറഞ്ഞതുമാണ് മരണത്തിന് കാരണമായതെന്നും പോലീസ് പറഞ്ഞു. വിദ്യാര്‍ഥിനിയെ ഐ.എ.എസ്. ഉദ്യോഗസ്ഥയാക്കണമെന്നായിരുന്നു മാതാപിതാക്കളുടെ ആഗ്രഹം. ഇതിനായി സിവില്‍ സര്‍വീസ് പരീക്ഷാ പരിശീലനവും നല്‍കിയിരുന്നു. ഇതെല്ലാം വിദ്യാര്‍ഥിനിയെ സമ്മര്‍ദത്തിലാക്കിയെന്നും കഴിഞ്ഞദിവസം അമ്മ വഴക്ക് പറഞ്ഞത് കൂടുതല്‍ അസ്വസ്ഥതയുണ്ടാക്കിയെന്നും ഇതാണ് ആത്മഹത്യയ്ക്ക് കാരണമായതെന്നും പോലീസ് പറഞ്ഞു. സംഭവത്തില്‍ പോലീസ് അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.കൗമാരക്കാരായ വിദ്യാര്‍ഥിനികളുടെ മരണങ്ങള്‍ ആവര്‍ത്തിക്കുന്നതില്‍ മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ ആശങ്ക പ്രകടിപ്പിച്ചു. ആത്മഹത്യയിലേക്ക് നയിക്കുന്ന ചിന്തകളില്‍നിന്ന് അകന്നുനില്‍ക്കണമെന്നും മുഖ്യമന്ത്രി വിദ്യാര്‍ഥികളോട് അഭ്യര്‍ഥിച്ചു.

Related News