ലൈംഗിക പീഡന പരാതിയില്‍ സിവിക് ചന്ദ്രന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

  • 27/07/2022

കോഴിക്കോട്: യുവ എഴുത്തുകാരിയുടെ ലൈംഗിക പീഡന പരാതിയില്‍ സാഹിത്യകാരന്‍ സിവിക് ചന്ദ്രന്റെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി ഇന്ന് പരിഗണിക്കും. കോഴിക്കോട് ജില്ലാ കോടതിയാണ് ജാമ്യ ഹര്‍ജി പരിഗണിക്കുന്നത്.

ഹയര്‍ സെക്കന്‍ഡറി അധ്യാപികയും എഴുത്തുകാരിയുമായ വ്യക്തിയുടെ പരാതിയില്‍ കഴിഞ്ഞ ആഴ്ചയാണ് കൊയിലാണ്ടി പൊലീസ് സാംസ്‌കാരിക പ്രവര്‍ത്തകനും എഴുത്തുകാരനുമായ സിവിക് ചന്ദ്രനെതിരെ കേസെടുത്തത്. ലൈംഗിക അതിക്രമം, പട്ടികജാതിക്കാര്‍ക്കെതിരെയുള്ള അതിക്രമം തടയല്‍ നിയമം എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസ്. പരാതിക്കാരിയുടെ മൊഴി അന്വേഷണസംഘം രേഖപ്പെടുത്തിയിട്ടുണ്ട്. അന്വേഷണ പുരോഗതി സംബന്ധിച്ച റിപ്പോര്‍ട്ട് പൊലീസ് കോടതിയില്‍ ഹാജരാക്കും. ഇത് കൂടി പരിഗണിച്ചാവും മുന്‍കൂര്‍ ജാമ്യ അപേക്ഷയില്‍ തീരുമാനമെടുക്കുക. സിവിക് ചന്ദ്രന്‍ ഒളിവിലാണ് എന്നാണ് പൊലീസ് പറയുന്നത്. അതേസമയം, സിവിക് ചന്ദ്രനെ പൊലീസ് സംരക്ഷിക്കുന്നുവെന്നാണ് ദളിത് സംഘടനകളുടെ ആരോപണം. അറസ്റ്റ് ഇനിയും വൈകിയാല്‍ ഉത്തരമേഖല ഐജിയുടെ ഓഫീസ് മുന്നില്‍ കുടില്‍കെട്ടി സമരം തുടങ്ങാനാണ് ദളിത് സംഘടനകളുടെ നീക്കം. ഏപ്രില്‍ 17നാണ് പുസ്തക പ്രകാശനത്തിനായി കോഴിക്കോട് എത്തിയ എഴുത്തുകാരിക്കെതിരെ അതിക്രമം ഉണ്ടായത്.

Related News