കെ. റെയിലന് ബദല്‍; ബി.ജെ.പി നേതാക്കള്‍ കേന്ദ്രമന്ത്രിയെ കാണും

  • 27/07/2022

തിരുവനന്തപുരം: കെ-റെയിലിന് പകരം കേരളത്തിന് മൂന്നാമത്തെ റെയില്‍വേ ലൈന്‍ അനുവദിക്കണമെന്ന ആവശ്യവുമായി കേരളത്തിലെ ബി.ജെ.പി. നേതാക്കള്‍ കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവുമായി കൂടിക്കാഴ്ച നടത്തും. കേന്ദ്ര മന്ത്രി വി. മുരളീധരന്റെ നേതൃത്വത്തിലാണ് ബി.ജെ.പി. നേതാക്കള്‍ ഉച്ചയ്ക്ക് റെയില്‍വേ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തുക.

സില്‍വര്‍ലൈന്‍ പദ്ധതി കേരളത്തില്‍ നടപ്പിലാക്കേണ്ടതില്ല എന്ന നിലപാടാണ് കേരളത്തില്‍ ബി.ജെ.പി. നേതൃത്വം സ്വീകരിച്ചിരിക്കുന്നത്. ഈ നിലപാട് കേരളത്തിലെ വികസനത്തിന് ബി.ജെ.പി. എതിര് നില്‍ക്കുന്നു എന്നതരത്തിലുള്ള പ്രചാരണങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ഇത് മറികടക്കാന്‍ കൂടിയാണ് ബി.ജെ.പി. പ്രതിനിധി സംഘം ഡല്‍ഹിയില്‍ എത്തിയിരിക്കുന്നത്. കേന്ദ്ര റെയില്‍വെ മന്ത്രി അശ്വിനി വൈഷ്ണവുമായി ഉച്ചയ്ക്ക് രണ്ടരയ്ക്ക് ബി.ജെ.പി. പ്രതിനിധി സംഘം കൂടിക്കാഴ്ച നടത്തും.കേന്ദ്രമന്ത്രിയുമായുള്ള കൂടിക്കാഴ്ചയില്‍ സംസ്ഥാനത്തെ റെയില്‍വെ വികസനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ചചെയ്യുന്നതോടൊപ്പം തന്നെ നിലവിലുള്ള റെയില്‍വേ ട്രാക്കിന് സമാന്തരമായി മൂന്നാം ലൈന്‍ കേരളത്തിന് അനുവദിക്കണം എന്ന ആവശ്യവും ബി.ജെ.പി. നേതാക്കള്‍ ഉന്നയിക്കും. അതോടൊപ്പം തന്നെ നേമം ടെര്‍മിനല്‍ പദ്ധതി പുനഃസ്ഥാപിക്കണം എന്ന ആവശ്യവും നേതാക്കള്‍ മുന്നോട്ടുവെക്കും. നേമം ടെര്‍മിനല്‍ പദ്ധതിയില്‍ നിന്ന് കേന്ദ്രം പിന്മാറുമെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഈ പിന്മാറ്റം ബി.ജെ.പിയെ രാഷ്ട്രീയമായി ബാധിക്കും എന്ന തിരിച്ചറിവിന്റെ അടിസ്ഥാനത്തിലാണ് പദ്ധതി പുനഃസ്ഥാപിക്കണമെന്നുള്ള ആവശ്യം ബി.ജെ.പി. മുന്നോട്ടുവെക്കുന്നത്.

Related News