വിവാഹം നടത്തിത്തരാമെന്ന് പറഞ്ഞ് പണം തട്ടിയെടുത്തു; കല്യാണ ബ്രോക്കറെ കുത്തിക്കൊന്നു

  • 27/07/2022

പാലക്കാട്: വിവാഹം നടത്തിത്തരാമെന്ന് പറഞ്ഞ് പണം തട്ടിയ കല്യാണ ബ്രോക്കറെ കുത്തിക്കൊലപ്പെടുത്തി. പട്ടാമ്പിയിലാണ് സംഭവം. വണ്ടുംന്തറ സ്വദേശി അബ്ബാസാണ് കൊല്ലപ്പെട്ടത്. പ്രതിയായ ചെർപുളശ്ശേരി സ്വദേശി മുഹമ്മദലിയെ കൊപ്പം പോലീസ് അറസ്റ്റ് ചെയ്തു.

ഇന്നലെ രാവിലെ ആറരയോടെയാണ് സംഭവം. വിവാഹം ശരിയാക്കാം എന്ന് പറഞ്ഞ് കല്യാണ ബ്രോക്കറായ അബ്ബാസ് മുഹമ്മദാലിയിൽ നിന്ന് പണം വാങ്ങിയിരുന്നു. എന്നാൽ വിവാഹം ശരിയാക്കിയില്ലെന്ന് മാത്രമല്ല പണം തിരികെ നൽകിയതുമില്ല. പ്രകോപിതനായ പ്രതി രാവിലെ അബ്ബാസിന്‍റെ വീട്ടിലെത്തി പണം തിരികെ ആവശ്യപ്പെട്ടു. തുടര്‍ന്ന് ഇരുവരും തമ്മിലുണ്ടായ തർക്കത്തിനിടെയായിരുന്നു ആക്രമണം.

ഓട്ടോറിക്ഷയിലാണ് പ്രതി അബ്ബാസിന്‍റെ വീട്ടിലെത്തിയത്. കൃത്യത്തിന്ശേഷം ഇയാൾ അതേ വാഹനത്തിൽ രക്ഷപ്പെട്ടു. ഓട്ടോറിക്ഷ കേന്ദ്രീരിച്ചു നടത്തിയ അന്വേഷണത്തിലാണ് മുളയങ്കാവിൽ വച്ച് കൊപ്പം പോലീസ് മുഹമ്മദാലിയെ പിടികൂടിയത്. ഇരുവരും തമ്മിൽ രണ്ടുദിവസമായി ത‍ർക്കം ഉണ്ടായിരുന്നതായി പോലീസ് കണ്ടെത്തി. പോസ്റ്റുമോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.

Related News