പിതൃസ്മരണയില്‍ ആയിരങ്ങള്‍ കര്‍ക്കടക വാവുബലി അര്‍പ്പിച്ചു

  • 28/07/2022

കോഴിക്കോട്: പിതൃസ്മരണയില്‍ പുലര്‍ച്ചെ മുതല്‍ ആയിരങ്ങള്‍ പിതൃമോക്ഷപുണ്യം തേടി സ്നാനഘട്ടങ്ങളില്‍ ബലിതര്‍പ്പണം നടത്തി. കോവിഡ് ഭീഷണി തുടരുന്നുവെങ്കിലും നിയന്ത്രണങ്ങള്‍ കര്‍ശനമല്ലാത്തതിനാല്‍ സംസ്ഥാനത്ത് എല്ലാ പ്രധാന ക്ഷേത്രങ്ങളിലും ബലിതര്‍പ്പണ കേന്ദ്രങ്ങളിലും വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. 

ബുധനാഴ്ച രാത്രി 9.25 മുതല്‍ വ്യാഴാഴ്ച രാത്രി 11 വരെ വാവുള്ളതിനാല്‍ രണ്ടുദിവസങ്ങളിലായാണ് ഇത്തവണ ചടങ്ങുകള്‍ നടക്കുന്നത്.ആലുവ മണപ്പുറം, വയനാട് തിരുനെല്ലി ക്ഷേത്രം, മലപ്പുറം തിരുനാവായ ക്ഷേത്രം, വര്‍ക്കല പാപനാശം കടപ്പുറം, കൊല്ലം തിരുമുല്ലവാരം, കോഴിക്കോട് വരയ്ക്കല്‍ കടപ്പുറം എന്നിങ്ങനെ പ്രധാന കേന്ദ്രങ്ങളിലെല്ലാം രാവിലെ മുതല്‍ ആയിരങ്ങളാണ് ബലിദര്‍പ്പണത്തിനായി എത്തിയത്. കോവിഡിന്റെ പശ്ചാത്തലത്തില്‍ കഴിഞ്ഞ രണ്ടുകൊല്ലം ഭാഗികമായി മുടങ്ങിയ പിതൃതര്‍പ്പണച്ചടങ്ങുകള്‍ ഇത്തവണ പൂര്‍ണമായി നിര്‍വഹിക്കാന്‍ അവസരം ലഭിച്ചു.തിരുവനന്തപുരം തിരുവല്ലം പരശുരാമസ്വാമിക്ഷേത്രത്തില്‍ വ്യാഴാഴ്ച പുലര്‍ച്ചയ്ക്ക് 2.30ന് തര്‍പ്പണച്ചടങ്ങുകള്‍ തുടങ്ങി. വര്‍ക്കല പാപനാശം കടപ്പുറത്ത് ബുധനാഴ്ച രാത്രി 9.10ന് തര്‍പ്പണച്ചടങ്ങുകള്‍ ആരംഭിച്ചു. വൈകീട്ടുമുതല്‍ പുണ്യതീരത്തേക്ക് നിരവധിപ്പേര്‍ എത്തിത്തുടങ്ങിയിരുന്നു. അരുവിപ്പുറം ശിവക്ഷേത്രം, മാറനല്ലൂര്‍ അരുവിക്കര ശാസ്താക്ഷേത്രം എന്നിവിടങ്ങളിലും ബലിക്ക് നിരവധി പേരാണെത്തുന്നത്. 

കൊല്ലം, തിരുമുല്ലവാരത്ത് ഇന്നലെ രാത്രിതന്നെ പിതൃതര്‍പ്പണത്തിനായി ആയിരങ്ങള്‍ എത്തിച്ചേര്‍ന്നു. ആലുവ ശിവരാത്രി മണപ്പുറത്ത് ബുധനാഴ്ച രാത്രിയില്‍ തന്നെ ബലിതര്‍പ്പണം ആരംഭിച്ചിരുന്നു. ശക്തമായ മഴയില്ലാത്തതിനാല്‍ പുഴയില്‍ ജലനിരപ്പ് സാധാരണ നിലയിലാണ്. തെളിഞ്ഞാണ് പുഴ ഒഴുകുന്നത്. കോവിഡിനെ തുടര്‍ന്ന് കഴിഞ്ഞ രണ്ട് വര്‍ഷങ്ങളായി മണപ്പുറത്ത് കര്‍ക്കടക വാവ് ബലിതര്‍പ്പണം ഉണ്ടായിരുന്നില്ല. ഇത്തവണ നിയന്ത്രണങ്ങള്‍ ഒന്നും ഇല്ല. വലിയ തിരക്ക് ഉണ്ടാകുമെന്നാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രതീക്ഷിക്കുന്നത്.


Related News