കിരണിന്റെ മരണം; പോലീസിനെതിരെ ആരോപണവുമായി ബന്ധുക്കള്‍

  • 28/07/2022

തിരുവനന്തപുരം: ആഴിമലയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച കിരണിന്റെ ബന്ധുക്കള്‍ പോലീസിനെതിരെ വിമര്‍ശനവുമായി രംഗത്ത്. പ്രധാനപ്രതികളെ പിടികൂടാതെ പൊലീസ് ഒളിച്ചുകളിക്കുന്നുവെന്ന് ബന്ധുക്കള്‍ ആരോപിച്ചു. ഡിഎന്‍എ പരിശോധനാഫലം വരുന്നതിന് തൊട്ടുമുമ്പ് അറസ്റ്റ് ചെയ്തത് ദുരൂഹമാണ്. കിരണിന്റേത് കൊലപാതകം തന്നെയെന്ന് പിതാവ് മധു പറഞ്ഞു.

കിരണിന്റെ മൃതദേഹം വിട്ടു കിട്ടാന്‍ വിഴിഞ്ഞം പോലീസ് ഇന്ന് തമിഴ്‌നാട് പോലീസിനെ സമീപിക്കും. തമിഴ്നാട്ടിലെ ഇരയിമ്മന്‍ തുറയില്‍ കണ്ടെത്തിയ മൃതദേഹം കിരണിന്റെ തന്നെയെന്ന് ഇന്നലെ ഡി.എന്‍.എ പരിശോധനയില്‍ സ്ഥിരീകരിച്ചിരുന്നു. വേഗത്തില്‍ നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം ബന്ധുക്കള്‍ക്കു വിട്ടു നല്‍കാനാണ് പൊലീസ് നീക്കം. നിലവില്‍ ആശാരിപ്പള്ളം മെഡിക്കല്‍ കോളജിലാണ് കിരണിന്റെ മൃതദേഹമുള്ളത്. തമിഴ്‌നാട് പൊലീസില്‍ നിന്നു വിശദമായ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടും പോലീസ് ശേഖരിക്കും.

പെണ്‍സുഹൃത്തിനെ കാണാനെത്തിയ കിരണിനെ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ തട്ടി കൊണ്ട് പോയി മര്‍ദ്ദിച്ചെന്നും, മര്‍ദ്ദനം ഭയന്ന് ഓടിയപ്പോള്‍ കാല്‍വഴുതി കടലില്‍ വീണതാകാമെന്നുമാണ് പൊലീസിന്റെ നിഗമനം. കേസില്‍ പെണ്‍കുട്ടിയുടെ സഹോദരി ഭര്‍ത്താവിനെ പൊലീസ് ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. കിരണിനെ ബൈക്കില്‍ കയറ്റി കൊണ്ടുപോയ രാജേഷാണ് അറസ്റ്റിലായത്. രാജേഷ് കൊണ്ടുപോയ ശേഷമാണ് കിരണിനെ കാണാതാകുന്നത്. ഫേസ്ബുക്ക് വഴി പരിചയപ്പെട്ട പെണ്‍കുട്ടിയെ കാണാന്‍ വന്ന കിരണിനെ പെണ്‍കുട്ടിയുടെ ചേച്ചിയുടെ ഭര്‍ത്താവായ രാജേഷും മറ്റ് രണ്ട് പേരും ചേര്‍ന്ന് മര്‍ദ്ദിച്ചിരുന്നു. ഇതിന് ശേഷം തട്ടി കൊണ്ടുപോവുകയായിരുന്നു.

Related News