ബലിതര്‍പ്പണത്തിന് സഹായവുമായി സി.പി.എം നിയന്ത്രണത്തിലുള്ള സന്നദ്ധ സംഘടന

  • 28/07/2022

കണ്ണൂര്‍: ബലിതര്‍പ്പണത്തിന് സഹായവുമായി സി.പി.എം നിയന്ത്രണത്തിലുള്ള സന്നദ്ധ സംഘടന. കണ്ണൂര്‍ പയ്യാമ്പലത്താണ് പി. ജയരാജന്‍ നേതൃത്വം നല്‍കുന്ന സന്നദ്ധസംഘടനയായ ഐആര്‍പിസി ഹെല്‍പ്പ് ഡെസ്‌ക്ക് ഒരുക്കിയത്. സൗജന്യലഘുഭക്ഷണം, അടിയന്തര മെഡിക്കല്‍ സൗകര്യം എന്നിവ ഐആര്‍പിസി ഒരുക്കിയിട്ടുണ്ട്. തങ്ങള്‍ നാല് വര്‍ഷമായി ഇത്തരം സേവനങ്ങള്‍ തുടര്‍ന്നുവരികയാണെന്ന് ഐആര്‍പിസി പറയുന്നു. ശബരിമല സീസണിലും തങ്ങള്‍ സന്നദ്ധസേവനം നടത്താറുണ്ടെന്ന് ഭാരവാഹികള്‍ വ്യക്തമാക്കി. 


ബലിതര്‍പ്പണം ഭീകര മുഖങ്ങള്‍ മറച്ചുവയ്ക്കാന്‍ സേവനത്തിന്റെ മുഖം മൂടി അണിയുന്നവര്‍ക്ക് മാത്രമായി വിട്ടുകൊടുക്കരുതെന്ന് പി. ജയരാജന്‍ ഇന്നലെ ഒരു ഫേസ്ബുക്ക് പോസ്റ്റിലൂടെ ആഹ്വാനം ചെയ്തിരുന്നു. ബലിതര്‍പ്പണത്തിന് എത്തുന്ന വിശ്വാസികള്‍ക്ക് ആവശ്യമായ സേവനങ്ങള്‍ ചെയ്യണമെന്ന് പി. ജയരാജന്‍ പറഞ്ഞിരുന്നു. പിതൃസ്മരണ ഉയര്‍ത്തി വിശ്വാസികള്‍ ഒത്തുകൂടുന്ന എല്ലായിടങ്ങളിലും സന്നദ്ധസംഘടനകള്‍ ആവശ്യമായ സേവനം നല്‍കണമെന്നും ഫെയ്സ്ബുക്കിലൂടെ ജയരാജന്‍ ആഹ്വാനംചെയ്തിരുന്നു.
കര്‍ക്കിടക വാവായ ഇന്ന് ബലിതര്‍പ്പണത്തിനായി വിവിധ കേന്ദ്രങ്ങളില്‍ വലിയ ജനത്തിരക്കാണ് അനുഭവപ്പെടുന്നത്. ആലുവ മണപ്പുറത്ത് ഇന്നലെ രാത്രി മുതല്‍ തന്നെ വാവുമായി ബന്ധപ്പെട്ട ചടങ്ങുകള്‍ ആരംഭിച്ചിരുന്നു. ഇന്ന് വെളുപ്പിന് മുതല്‍ ആലുവയിലെ 80 ബലിത്തറകളില്‍ വിശ്വാസികളുടെ വന്‍തിരക്കാണ് അനുഭവപ്പെടുന്നത്.

Related News