പി. ബിജുവിന്റെ പേരിലുള്ള ഫണ്ടില്‍ ഡി.വൈ.എഫ്.ഐ നേതാവ് തിരിമറി നടത്തിയതായി ആരോപണം

  • 28/07/2022

തിരുവനന്തപുരം: അന്തരിച്ച ഡി.വൈ.എഫ്.ഐ നേതാവ് പി. ബിജുവിന്റെ പേരിലുള്ള റെഡ് കെയര്‍ മന്ദിരത്തിനായി സമാഹരിച്ച തുകയില്‍ രണ്ടര  ലക്ഷം രൂപ വെട്ടിച്ചതായി പരാതി. ഡിവൈഎഫ്‌ഐ തിരുവനന്തപുരം ജില്ലാ വൈസ് പ്രസിഡന്റ് എസ്. ഷാഹിനെതിരേയാണ് സിപിഎമ്മിനും ഡിവൈഎഫ്‌ഐക്കും പരാതി ലഭിച്ചത്.


ഒന്നരലക്ഷം രൂപ തിരിച്ചടച്ച് നടപടിയില്‍ നിന്ന് ഒഴിവാക്കാനാണ് ഷാഹിന്റെ  ശ്രമം എന്നും പരാതിയില്‍ പറയുന്നു. എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറിയായിരുന്ന പി ബിജുവിന്റെ സ്മാരകമായ റെഡ് കെയര്‍ മന്ദിരത്തിനു വേണ്ടി പിരിച്ച തുകയിലാണ് തട്ടിപ്പ് നടന്നത്.   റെഡ് കെയര്‍ മന്ദിര നിര്‍മ്മാണത്തിനായി എല്ലാ ബ്ലോക്ക് കമ്മിറ്റികള്‍ക്കും  ഡിവൈഎഫ്‌ഐ ക്വാട്ട നല്‍കി. പാളയം ബ്ലോക്ക് കമ്മിറ്റി റെഡ് കെയര്‍ മന്ദിരത്തിന് പുറമേ ആംബുലന്‍സും വാങ്ങാന്‍ തീരുമാനിച്ചു.
പിരിച്ച  തുക ബ്ലോക്ക് കമ്മിറ്റിയുടെ അക്കൗണ്ടില്‍ അടയ്ക്കാതെ ഷാഹിന്‍ സ്വന്തം ആവശ്യത്തിന് ഉപയോഗിച്ചതാണ് പരാതി. വിവാദം സിപിഎം പാളയം  ഏരിയ ഫ്രാക്ഷന്‍ ചര്‍ച്ച ചെയ്യുന്നതിനു തൊട്ടു മുന്‍പ് ഷാഹിന്‍ ഒന്നരലക്ഷം രൂപ തിരിച്ചടച്ചു. ബാക്കി സമ്മേളന നടത്തിപ്പിന് ചെലവായി എന്ന് വിശദീകരിക്കുകയും ചെയ്തു.   ഡിവൈഎഫ്‌ഐയുടെ പ്രധാന നേതാക്കളില്‍ ചിലര്‍ ഷാഹിനെ സംരക്ഷിക്കാന്‍ ശ്രമിക്കുന്നതായും പാര്‍ട്ടിക്ക് നല്‍കിയ പരാതിയില്‍ പറയുന്നു.
സിപിഎം സംസ്ഥാന സെക്രട്ടറിക്കും ജില്ലാ നേതൃത്വത്തിനും പരാതി ലഭിച്ചിട്ടുണ്ട്. പ്രവര്‍ത്തകര്‍ക്ക് ഏറെ വൈകാരിക അടുപ്പമുള്ള നേതാവായിരുന്നു പി. ബിജു. അത്തരമൊരു ആളുടെ പേരില്‍ തട്ടിപ്പ് നടത്തിയതില്‍ വലിയ അമര്‍ഷമാണ് താഴെത്തട്ടിലുള്ളത്. എന്നാല്‍ വിഷയത്തില്‍ പ്രതികരിക്കാന്‍ ഡി.വൈ.എഫ്.ഐ നേതൃത്വം തയ്യാറായിട്ടില്ല.

Related News