വിചാരണ വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്നാവശ്യപ്പെട്ട് ദിലീപ് സുപ്രീം കോടതിയില്‍

  • 29/07/2022

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വിചാരണ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ വിചാരണകോടതിക്ക് നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട് ദിലീപ് സുപ്രീംകോടതിയെ സമീപിച്ചു. കേസില്‍ ഒരിക്കല്‍ വിസ്തരിച്ചവരെ വീണ്ടും വിസ്തരിക്കാന്‍ അനുവദിക്കരുതെന്നും ആവശ്യമുണ്ട്.

മുന്‍ ഭാര്യക്കും, അതിജീവിതയ്ക്കുമെതിരെ സുപ്രീംകോടതിയില്‍ ഫയല്‍ ചെയ്ത അപേക്ഷയില്‍ രൂക്ഷ വിമര്‍ശനമാണുള്ളത്. അന്വേഷണ ഉദ്യോഗസ്ഥര്‍, പ്രോസിക്യൂഷന്‍, അതിജീവിത എന്നിവര്‍ വിചാരണ പൂര്‍ത്തിയാക്കി വിധി പറയാന്‍ വിചാരണകോടതി ജഡ്ജിയെ തടസ്സപ്പെടുത്തുന്നുവെന്നാണ് ദിലീപിന്റെ ആരോപണം. വിചാരണ കോടതി ജഡ്ജിക്ക് മേല്‍ക്കോടതിയിലേക്ക് സ്ഥാനക്കയറ്റം ലഭിക്കുന്നത് വരെ വിചാരണ നീട്ടികൊണ്ടു പോകാന്‍ ആണ് ശ്രമിക്കുന്നതെന്നും ദിലീപ് അപേക്ഷയില്‍ ആരോപിച്ചിട്ടുണ്ട്. മലയാള സിനിമ മേഖലയിലെ ചെറുതാണെങ്കിലും ശക്തരായ ഒരു വിഭാഗമാണ് തന്നെ ഈ കേസില്‍പെടുത്തിയത്. ഈ വിഭാഗത്തില്‍പെട്ടവര്‍ക്ക് തന്നോട് വ്യക്തിപരവും തൊഴില്‍പരവുമായ ശത്രുത ഉണ്ട്. തന്റെ മുന്‍ ഭാര്യയുടെയും, അതിജീവിതയുടെയും അടുത്ത സുഹൃത്തായ ഒരു ഉന്നത പോലീസ് ഓഫീസറും തന്നെ കേസില്‍ പെടുത്തിയതിന് ഉത്തരവാദിയാണ്. ഈ പോലീസ് ഓഫീസര്‍ നിലവില്‍ ഡി.ജി.പി. റാങ്കില്‍ ആണെന്നും സുപ്രീംകോടതിയില്‍ ഫയല്‍ ചെയ്തിരിക്കുന്ന അപേക്ഷയില്‍ ദിലീപ് ആരോപിച്ചിട്ടുണ്ട്.

തുടരന്വേഷണത്തിന്റെ പേരില്‍ നടക്കുന്നത് മാധ്യമ വിചാരണയാണ്. തനിക്കെതിരെ മാത്രമല്ല, തന്റെ അഭിഭാഷകര്‍, വിചാരണകോടതി ജഡ്ജി എന്നിവര്‍ക്കെതിരെയും മാധ്യമ വിചാരണ നടക്കുന്നു. തുടരന്വേഷണ സമയത്ത് കണ്ടെത്തിയെന്ന് പറയപ്പെടുന്ന വിശ്വാസയോഗ്യമല്ലാത്ത ചില രേഖകള്‍ അതിജീവിതയ്ക്ക് കൈമാറി അവരെ കൊണ്ട് വീണ്ടും കോടതിയില്‍ ഹര്‍ജികള്‍ സമര്‍പ്പിച്ചു. വിചാരണകോടതി ജഡ്ജിക്കെതിരെയും, തന്റെ അഭിഭാഷകര്‍ക്കെതിരെയും അതിജീവിത ഹര്‍ജികള്‍ ഫയല്‍ ചെയ്തതതായി ദിലീപ് ആരോപിക്കുന്നു.

Related News