തെയ്യം പോലുള്ള കലകള്‍ പ്രദര്‍ശന വസ്തുവാക്കരുതെന്ന് അടൂര്‍ ഗോപാലകൃഷ്ണന്‍

  • 29/07/2022

തിരുവനന്തപുരം: തെയ്യം ഉള്‍പ്പെടെയുള്ള അനുഷ്ഠാന കലകളെ പ്രദര്‍ശന വസ്തുവാക്കുന്നത് അവസാനിപ്പിക്കണമെന്ന് ചലച്ചിത്ര സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍. ഇത്തരത്തില്‍ പ്രദര്‍ശന വസ്തുക്കളാക്കാന്‍ കലാകാരന്മാരും തെയ്യവുമായി ബന്ധപ്പെട്ടവരും അനുവദിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വട്ടിയൂര്‍ക്കാവ് ഗുരു ഗോപിനാഥ് നടനഗ്രാമവും തെയ്യം കലാ അക്കാദമിയും ചേര്‍ന്ന് പൈതൃക പഠനവും, ശാസ്ത്രീയ കലകളും, ആസ്വാദനവും പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന വരവിളി എന്ന പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.


വായ്മൊഴിയിലൂടെ കൈമാറിവന്ന കലാരൂപങ്ങളെ സംരക്ഷിക്കുന്നതിനും അടുത്ത തലമുറക്ക് പകര്‍ന്നു കൊടുക്കുന്നതിനുമായി യൂനസ്‌കോ പദ്ധതി ആവിഷ്‌കരിച്ചിരുന്നു. ഇന്ത്യയില്‍ നിന്ന് ആദ്യമായി കൂടിയാട്ടമാണ് പദ്ധതിയില്‍ ഇടംപിടിച്ചത്. അത്തരത്തില്‍ യൂനസ്‌കോയുടെ അംഗീകാരത്തിന് അര്‍ഹതയുള്ള കലാരൂപമാണ് തെയ്യം. തെയ്യത്തെ യൂനസ്‌കോയുടെ ശ്രദ്ധയില്‍പ്പെടുത്താനുള്ള നടപടികള്‍ ഉണ്ടാകണം. യുനസ്‌കോ പദ്ധതിയില്‍ ഇടംപിടിക്കാന്‍ സാധിച്ചാല്‍ കലാകാരന്മാര്‍ക്ക് വലിയ സഹായങ്ങള്‍ ലഭ്യമാകുമെന്നും അദ്ദേഹം പറഞ്ഞു. തെയ്യം കലാകാരന്മാരെ കലാകാരന്മാരായി അംഗീകരിക്കാത്ത സാഹചര്യമായിരുന്നു. ഈ അവസ്ഥക്ക് മാറ്റം വന്നു. അവരെ കലാകാരന്മാരായി അംഗീകരിക്കുകയും ക്ഷേമനിധിയില്‍ ഉള്‍പ്പെടുത്തുകയും ഒക്കെ ചെയ്തത് സന്തോഷമുള്ള കാര്യമാണ്. തെയ്യം കലാ അക്കാദമി രൂപീകരിച്ചതും വളരെ പ്രധാനപ്പെട്ട ചുവടുവെപ്പാണ്. കേരളത്തിലെ അനുഷ്ഠാന കലകളെക്കുറിച്ച് വേണ്ടത്ര പഠനങ്ങള്‍ നടന്നിട്ടില്ലെന്നും അടൂര്‍ ചൂണ്ടിക്കാട്ടി. വളരെ ലോലമായ സൗന്ദര്യാത്മകതയുള്ള കലാരൂപമായ തെയ്യം പഠിച്ചു പ്രചരിപ്പിക്കപ്പെടേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

Related News