ആറു മാസം മുമ്പ് വിവാഹം; നാല് മാസം ഗര്‍ഭിണിയായ പതിനെട്ടുകാരി ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍

  • 29/07/2022

കോഴിക്കോട്: നാല് മാസം ഗര്‍ഭിണിയായ പതിനെട്ടുകാരിയെ ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട് എലത്തൂര്‍ ചെട്ടിക്കുളം വെളുത്തനാം വീട്ടില്‍ അനന്തുവിന്‍റെ ഭാര്യ ഭാഗ്യയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ പരാതിയുമായി പെൺകുട്ടിയുടെ വീട്ടുകാർ രംഗത്തെത്തി. 

രാവിലെ 10 മണിയോടെയാണ് ഭാഗ്യയെ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവ സമയം ഭര്‍ത്താവ് അനന്തുവിന്‍റെ അമ്മ ഷീജ മാത്രമാണ് വീട്ടില്‍ ഉണ്ടായിരുന്നത്. ഭാഗ്യയെ ഭര്‍ത്താവും ഭര്‍തൃമാതാവും പീഡിപ്പിച്ചിരുന്നുവെന്ന് ഭാഗ്യയുടെ കുടുംബം ആരോപിച്ചു. പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്. ആറ് മാസം മുൻപായിരുന്നു ഭാഗ്യയും അനന്തുവും വിവാഹിതരായത്. വീട്ടുകാരുടെ എതിര്‍പ്പ് അവഗണിച്ചായിരുന്നു വിവാഹം. വിവാഹശേഷം വീട്ടില്‍ നിരന്തരം പ്രശ്നങ്ങള്‍ ഉണ്ടായിരുന്നെന്ന് ഭാഗ്യയുടെ ബന്ധുക്കല്‍ ആരോപിച്ചു. 

പ്ലസ് ടുവിന് പഠിക്കുന്നതിനിടെയാണ് അനന്തുവുമായി ഭാഗ്യ അടുപ്പത്തിലായത്. ഇതിനിടെ ഭാഗ്യയെ തട്ടിക്കൊണ്ട് പോയെന്ന പരാതിയില്‍ അനന്തുവിനെതിരെ എലത്തൂര്‍ പൊലീസ് പോക്സോ വകുപ്പ് പ്രകാരം കേസെടുക്കുകയും ചെയ്തു. ഈ കേസിൽ അന്തു റിമാന്‍ഡിലായി. ജാമ്യത്തിലിറങ്ങിയപ്പോഴാണ് വീട്ടുകാരുടെ എതിര്‍പ്പ് മറികടന്ന് ഇരുവരും വിവാഹിതരായത്.  

എലത്തൂര്‍ ചെട്ടിക്കുളം സ്വദേശി ബൈജീവ് കുമാറിന്‍റെയും ദീപയുടെയും മകളാണ് ഭാഗ്യ. ഭാഗ്യയുടെ ഭര്‍ത്താവ് അനന്തു ദിവസങ്ങള്‍ക്ക് മുൻപ്  ആത്മഹത്യാശ്രമം നടത്തി പരിക്കേറ്റിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികില്‍സയില്‍ കഴിയുന്നതിനിടെയാണ് ഈ സംഭവം. 

Related News