പുഴുവരിക്കുന്ന ഇറച്ചി വിറ്റു; വയനാട്ടില്‍ ബീഫ് സ്റ്റാൾ പൂട്ടിച്ച് അധികൃതർ

  • 30/07/2022

മാനന്തവാടി: വയനാട്ടില്‍ പഴകിയതും പുഴുക്കളുള്ളതുമായ ഇറച്ചിവില്‍പന നടത്തിയ കോറോം ചോമ്പാല്‍ ബീഫ് സ്റ്റാള്‍ പഞ്ചായത്ത് ആരോഗ്യ വിഭാഗം അധികൃതര്‍ പൂട്ടിച്ചു. പരാതിയെ തുടര്‍ന്നാണ് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കെ.കെ. സന്തോഷിന്റെ നിര്‍ദേശപ്രകാരം പഞ്ചായത്ത് പൊതുജനാരോഗ്യ വിഭാഗം ജീവനക്കാര്‍ പൊലീസിന്റെ സഹായത്തോടെ സ്ഥലത്ത് പരിശോധന നടത്തിയത്. 

പരിശോധനയില്‍ പഴകിയ മാംസം കണ്ടെത്തി. തുടര്‍ന്ന് ഇവ നശിപ്പിക്കുകയും ബീഫ് സ്റ്റാള്‍ അടച്ചുപൂട്ടിക്കുകയും ചെയ്തു. 2019 ഒക്ടോബറിൽ മാനന്തവാടി നഗരസഭ പരിധിയിലെ എരുമ തെരുവിലും നഗരസഭ ആരോഗ്യവിഭാഗം നടത്തിയ പരിശോധനയില്‍ ഭക്ഷ്യയോഗ്യമല്ലാത്ത പഴകിയ മാട്ടിറച്ചി പിടികൂടിയിരുന്നു. എന്നാൽ ഈ വിവരം പുറത്തറിഞ്ഞത് ഒരു ദിവസത്തിന് ശേഷമായിരുന്നു.

വലിയ വിവാദത്തിന് ഇത് വഴി വെച്ചിരുന്നു. മാരുതി തീയേറ്ററിന് സമീപത്തെ സ്റ്റാളുകളില്‍ നിന്നും എരുമത്തെരുവിലെ താല്‍ക്കാലിക മത്സ്യമാര്‍ക്കറ്റിന്റെ സമീപത്തെ ഒരു സ്റ്റാളില്‍ നിന്നുമാണ് അന്ന് ഭക്ഷ്യയോഗ്യമല്ലാത്തതും പഴകിയതുമായ മാട്ടിറച്ചി പിടിച്ചെടുത്തത്.

Related News