പ്ലസ് വണ്‍ ട്രയല്‍ അലോട്ട്‌മെന്റിലെ സാങ്കേതിക തകരാര്‍ പരിഹരിച്ചെന്ന് വിദ്യാഭ്യാസ മന്ത്രി

  • 30/07/2022

തിരുവനന്തപുരം: പ്ലസ് വണ്‍ ട്രയല്‍ അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ച പോര്‍ട്ടലിലെ സാങ്കേതിക തകരാര്‍ പരിഹരിച്ചെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി. നാല് സെര്‍വറുകളില്‍ ഒരേ സമയം ഒരു ലക്ഷത്തില്‍ കൂടുതല്‍ പേര്‍ കയറിയതാണ് പ്രശ്‌നത്തിന് കാരണമെന്നും മന്ത്രി പറഞ്ഞു. ഇത് പരിഹരിക്കാന്‍ ഡാറ്റാ സെന്റര്‍ , ഐടി മിഷന്‍, എന്‍ഐസി എന്നിവര്‍ കൂടുതല്‍ സര്‍വറുകള്‍ ഒരുക്കിയതായും മന്ത്രി അറിയിച്ചു. 

ഇന്ന് രാവിലെ 11.50 വരെ 1,76,076 പേര്‍ റിസള്‍ട്ട് പരിശോധിച്ചു. 47,395 പേര്‍ അപേക്ഷയില്‍ തിരുത്തലുകള്‍ അല്ലെങ്കില്‍ ഓപ്ഷനുകള്‍ കൂട്ടിച്ചേര്‍ത്തതായും വി.ശിവന്‍കുട്ടി അറിയിച്ചു.അപേക്ഷാ സമര്‍പ്പിക്കുന്നതുമായി ബന്ധപ്പെട്ട് വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും ആശങ്ക വേണ്ടെന്ന് മന്ത്രി പറഞ്ഞു. പ്രവേശന നടപടികള്‍ സുഗമമായി നടക്കും. മുന്‍വര്‍ഷത്തില്‍ നിന്ന് വ്യത്യസ്തമായി ഇത്തവണ ആദ്യം തന്നെ അധിക ബാച്ചിലേക്ക് പ്രവേശനം നടത്തുമെന്നും വിദ്യാഭ്യാസ മന്ത്രി അറിയിച്ചു. അര്‍ഹതയുള്ള എല്ലാവര്‍ക്കും പ്രവേശനം ഉറപ്പാണെന്നും മന്ത്രി പറഞ്ഞു.പ്ലസ് വണ്‍ ട്രയല്‍ അലോട്ട്‌മെന്റ്: ഒരാള്‍ ഫോണില്‍ സംസാരിക്കുമ്പോള്‍ മറ്റൊരാളെ വിളിച്ചാല്‍ കിട്ടില്ലല്ലോ എന്ന് മന്ത്രിവിഷയം ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ ഒരാള്‍ ഫോണില്‍ സംസാരിക്കുമ്പോള്‍ മറ്റൊരാളെ വിളിച്ചാല്‍ കിട്ടില്ലല്ലോ എന്നായിരുന്നു മന്ത്രി രാവിലെ പറഞ്ഞത്. അത്രമാത്രമേ ഇതിനെ കാണേണ്ടതുള്ളൂ. ഒരുപാട് വിദ്യാര്‍ത്ഥികള്‍ ഒന്നിച്ച് സൈറ്റില്‍ കയറിയതാണ് പ്രശ്‌നമായതെന്നും ശിവന്‍കുട്ടി വിശദീകരിച്ചു. 

ട്രയല്‍ അലോട്ട്‌മെന്റില്‍ തിരുത്തലുകള്‍ വരുത്താന്‍ നല്‍കിയ സമയപരിധി നീട്ടേണ്ടി വരില്ല എന്നും മന്ത്രി പറഞ്ഞു. തിങ്കളാഴ്ച വൈകീട്ട് അഞ്ച് മണിക്കകം തിരുത്തലുകള്‍ പൂര്‍ത്തിയാക്കണമെന്നാണ് ഹയര്‍സെക്കണ്ടറി വകുപ്പ് നല്‍കിയിരിക്കുന്ന നിര്‍ദേശം. എന്നാല്‍ സാങ്കേതിക തകരാര്‍ ഉണ്ടായതോടെ കുട്ടികള്‍ക്ക് ഇന്നലെ രാത്രി വരെയും സൈറ്റില്‍ കയറാന്‍ ആയിരുന്നില്ല. ഈ സാഹചര്യത്തില്‍ സമയപരിധി നീട്ടി നല്‍കണമെന്ന് ആവശ്യം ഉയര്‍ന്നിരുന്നു. ഈ ആവശ്യം മന്ത്രി തള്ളിയതോടെ വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും ആശങ്കയിലാണ്.

Related News