മുഖ്യമന്ത്രിയുടെ സുരക്ഷാ ചുമതലയിലെ വീഴ്ച; ഇന്‍സ്‌പെക്ടറെ സ്ഥലം മാറ്റി

  • 30/07/2022

കൊച്ചി: മുഖ്യമന്ത്രിയുടെ കൊച്ചിയാത്രയ്ക്കിടെ സുരക്ഷാവീഴ്ചയുണ്ടായ സംഭവത്തില്‍ നടപടിയുമായി പോലീസ്. മുഖ്യമന്ത്രിയുടെ സുരക്ഷാചുമതലയുണ്ടായിരുന്ന എളമക്കര സ്റ്റേഷനിലെ എസ്.എച്ച്.ഒ. ജി. സാബുവിനെ സ്ഥലംമാറ്റി. സംസ്ഥാന പോലീസ് മേധാവി അനില്‍കാന്താണ് സ്ഥലം മാറ്റിക്കൊണ്ടുള്ള ഉത്തരവിട്ടത്. വാടാനപ്പള്ളി സ്റ്റേഷനിലേക്കാണ് സാബുവിന് സ്ഥലംമാറ്റം നല്‍കിയിരിക്കുന്നത്. 

വാടാനപ്പള്ളി എസ്.എച്ച്.ഒ. സനീഷിനെ എളമക്കര എസ്.എച്ച്.ഒ. ആയി നിയമിക്കുകയും ചെയ്തിട്ടുണ്ട്.സുരക്ഷാവീഴ്ച ചൂണ്ടിക്കാട്ടിയല്ല സ്ഥലംമാറ്റ ഉത്തരവ് ഇറക്കിയിട്ടുള്ളത്. സാധാരണ നിലയിലുള്ള സ്ഥലംമാറ്റം എന്ന നിലയിലാണ്. എന്നാല്‍ സുരക്ഷാവീഴ്ച ഉണ്ടായതിന് തൊട്ടുപിന്നാലെയുള്ള സ്ഥലംമാറ്റം അതിന്റെ പേരില്‍ തന്നെയാണെന്നാണ് വ്യാഖ്യാനിക്കപ്പെടുന്നത്.വെള്ളിയാഴ്ച ഒരു മണിയോടെ കാക്കനാട്ടെ ഗവണ്‍മെന്റ് പ്രസ്സിലെ പുതിയ സി.ടി.പി. മെഷീനിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് മുഖ്യമന്ത്രി മടങ്ങുമ്പോഴാണ് ഗുരുതര സുരക്ഷാവീഴ്ച ഉണ്ടായത്. ഇടറോഡില്‍നിന്ന് കാക്കനാട് ജങ്ഷനിലേക്ക് മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം പ്രവേശിക്കുമ്പോഴാണ് യൂത്ത് കോണ്‍ഗ്രസ് എറണാകുളം നിയോജകമണ്ഡലം ജനറല്‍ സെക്രട്ടറി സോണി പനന്താനം പ്രതിഷേധം ഉയര്‍ത്തിയത്. 

ആദ്യ സുരക്ഷാ വാഹനം പോയി തൊട്ടുപിന്നാലെ എത്തിയ മുഖ്യമന്ത്രിയുടെ വാഹനത്തിനു മുന്നിലേക്ക് സോണി എടുത്തുചാടുകയായിരുന്നു. ഡ്രൈവര്‍ വണ്ടി വെട്ടിച്ച് നിര്‍ത്തിയതിനാല്‍ അപകടം ഒഴിവായി. കറുത്ത തുണി ഉയര്‍ത്തിക്കാട്ടി മുദ്രാവാക്യം വിളിച്ച് മുഖ്യമന്ത്രി ഇരിക്കുന്ന സീറ്റിനടുത്ത ഗ്ലാസില്‍ പലതവണ ആഞ്ഞിടിച്ച് ഇയാള്‍ പ്രതിഷേധിച്ചു. ഒരു പോലീസുകാരന്‍ ചാടി പിടിച്ചതോടെ രണ്ടുപേരും ഒന്നിച്ചു മറിഞ്ഞുവീണു. വീഴ്ചയില്‍ സോണിക്കും പോലീസുകാരനായ അരുണ്‍ കുമാറിനും പരിക്കേറ്റു. സോണിയെ പോലീസ് റിമാന്‍ഡ് ചെയ്തു.

Related News