പ്ലസ് വണ്‍ ട്രയല്‍ അലോട്ട്‌മെന്റ് തീയതി നീട്ടി

  • 31/07/2022

തിരുവനന്തപുരം: സംസ്ഥാനത്തെ പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ട്രയല്‍ അലോട്ട്‌മെന്റിന്റെ സമയം നീട്ടി.  നാളെ 5 മണി വരെയാണ് സമയം നീട്ടി നല്‍കിയത്. വിദ്യാര്‍ത്ഥികളുടെയും രക്ഷിതാക്കളുടെയും ആവശ്യം പരിഗണിച്ചാണ് തിരുത്തലിനുള്ള സമയം നീട്ടി നല്‍കിയതെന്ന് മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു.


വെള്ളിയാഴ്ചയാണ് സംസ്ഥാനത്തെ വര്‍ഷത്തെ പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ട്രയല്‍ അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചത്. തിരുത്തലിന് വേണ്ടിയും ഓപ്ഷന്‍ മാറ്റുന്നതിന് വേണ്ടിയും സമയവും അനുവദിച്ചു. എന്നാല്‍ സൈറ്റില്‍ പ്രവേശിച്ച ഭൂരിഭാഗം വിദ്യാര്‍ത്ഥികള്‍ക്കും സാങ്കേതിക തകരാര്‍ മൂലം തിരുത്തല്‍ വരുത്തുന്നതിന് കഴിഞ്ഞില്ല. കൂടുതല്‍ സെര്‍വറുകള്‍ ഉപയോഗിച്ച് പ്രശ്‌നം പിന്നീട് പരിഹരിച്ചെന്ന് മന്ത്രി അറിയിച്ചെങ്കിലും ഭൂരിഭാഗം കുട്ടികള്‍ക്ക് ഇനിയും ഓപ്ഷന്‍ തിരുത്തലിന് സാധിച്ചിട്ടില്ല.

പരീക്ഷകള്‍, സ്ഥലം മാറ്റം തുടങ്ങി ഹയര്‍ സെക്കണ്ടറിയുടെ എല്ലാ സേവനങ്ങളും ഒരേ സെര്‍വറുമായാണ് ലിങ്ക് ചെയ്തിരുന്നത്. ഒരേ സമയത്ത് കൂടുതല്‍ പേര്‍ ലോഗിന്‍ ചെയ്തതോടെ സെര്‍വര്‍ ഡൗണ്‍ ആകുകയായിരുന്നു. സെര്‍വര്‍ ശേഷി കൂട്ടിയില്ലെങ്കില്‍ ഫസ്റ്റ് അലോട്‌മെന്റ് പ്രസിദ്ധീകരിക്കുമ്പോള്‍ വലിയ പ്രശ്‌നമുണ്ടാകുമെന്നും വിദഗ്ധര്‍ ചൂണ്ടി കാട്ടിയിരുന്നു.
ഇത് വക വെക്കാതെ ട്രയല്‍ പ്രസിദ്ധീകരിച്ചതാണ് വിദ്യാര്‍ത്ഥികളേയും രക്ഷിതാക്കളേയും ബുദ്ധിമുട്ടിലാക്കിയത്. അലോട്‌മെന്റിനുള്ള സമയപരിധി വര്‍ധിപ്പിക്കണമെന്ന വിദ്യാര്‍ഥികളുടെയും രക്ഷിതാക്കളുടെയും ആവശ്യം പരിഗണിച്ചാണ് ഒടുവില്‍ സമയ പരിധി നീട്ടാന്‍ തീരുമാനിച്ചത്.

Related News