മഴ കനക്കും; ജാഗ്രതാ നിര്‍ദേശം നല്‍കി, ടൂറിസം കേന്ദ്രങ്ങള്‍ അടച്ചു

  • 01/08/2022

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത നാല് ദിവസം അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ആദ്യം മധ്യ, തെക്കന്‍ കേരളത്തിലായിരിക്കും കൂടുതല്‍ മഴ കിട്ടുക. പിന്നീട് വടക്കും മഴ കനക്കും. വയനാട്, കാസര്‍കോട് ഒഴികെയുള്ള മുഴുവന്‍ ജില്ലകളിലും മഴ അലര്‍ട്ട് പ്രഖ്യാപിച്ചു. 

തിരുവനന്തപുരം മുതല്‍ ഇടുക്കി വരെയുള്ള ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ടാണ്. വയനാട്, കാസര്‍കോട് ഒഴികെയുള്ള മറ്റ് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. വ്യാഴാഴ്ചയ്ക്കുശേഷം മഴയുടെ ശക്തി കുറഞ്ഞേക്കും.ഇന്നലെ രാത്രി മുതല്‍ കനത്ത മഴയാണ് സംസ്ഥാനത്ത്. മണ്ണിടിച്ചിലിന് സാധ്യതയുള്ളതിനാല്‍ മലയോര മേഖലകളില്‍ അതീവ ജാഗ്രത വേണമെന്ന് ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. അപകടസാധ്യതാ മേഖലകളില്‍ താമസിക്കുന്നവരെ മാറ്റിപാര്‍പ്പിക്കണം. ഡാമുകളില്‍ ജലനിരപ്പ് ഉയരുന്നതിനാല്‍ നദിക്കരകളില്‍ താമസിക്കുന്നവര്‍ ശ്രദ്ധിക്കണം. ഉയര്‍ന്ന തിരമാലയ്ക്കും സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും നിര്‍ദേശമുണ്ട്. നദികള്‍, ജലാശയങ്ങള്‍, തോടുകള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ കുളിക്കാനോ അലക്കാനോ മൃഗങ്ങളെ കുളിപ്പിക്കാനോ ഇറങ്ങരുത്. കടലില്‍ ഇറങ്ങരുത്.രാത്രി യാത്രകളും വിനോദ സഞ്ചാര യാത്രകളും പരമാവധി ഒഴിവാക്കണമെന്നും വാഹനങ്ങള്‍ വേഗത കുറച്ച് പോകണമെന്നും നിര്‍ദേശമുണ്ട്. ഡാമുകള്‍ തുറന്നു, ടൂറിസം കേന്ദ്രങ്ങള്‍ അടച്ചു. നെയ്യാര്‍, അരുവിക്കര ഡാമുകള്‍ തുറന്നു. നെയ്യാറിന്റെ നാലുഷട്ടറുകള്‍ അഞ്ചുസെന്റീമിറ്ററും അരുവിക്കരയുടെ മൂന്നുഷട്ടറുകള്‍ 20 സെന്റീമീറ്ററും ഉയര്‍ത്തി. കുംഭാവുരുട്ടി, പാലരുവി, കല്ലാര്‍, അടവി, മങ്കയം, പൊന്‍മുടി, നെയ്യാര്‍, കോട്ടൂര്‍, തുടങ്ങിയ ഇക്കോ ടൂറിസം കേന്ദ്രങ്ങളില്‍ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ജനങ്ങളെ പ്രവേശിപ്പിക്കില്ലെന്ന് വനംമന്ത്രി എ.കെ. ശശീന്ദ്രന്‍ പറഞ്ഞു. ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് മുഖ്യമന്ത്രിയും അറിയിച്ചു.തെങ്കാശി കുറ്റാലം വെള്ളച്ചാട്ടവും താത്കാലികമായി അടച്ചു. പത്തനംതിട്ട സീതത്തോട് കൊച്ചാണ്ടി ഫോറസ്റ്റ് ചെക്ക്പോസ്റ്റ് വഴിയുള്ള ഗവി യാത്രയ്ക്ക് നിരോധനം ഏര്‍പ്പെടുത്തി.

Related News