കരുവന്നൂര്‍ ബാങ്ക് അഴിമതി; സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി ഇന്ന് വീണ്ടും പരിഗണിക്കും

  • 01/08/2022

കൊച്ചി: കരുവന്നൂര്‍ സഹകരണ ബാങ്ക് അഴിമതിയില്‍ സിബിഐ അന്വേഷണം വേണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ബാങ്കിലെ മുന്‍ ജീവനക്കാരനായിരുന്ന എം.വി.സുരേഷ് നല്‍കിയ ഹര്‍ജിയാണ് ഒരു വര്‍ഷത്തിനുശേഷം കോടതി ഇന്ന് വീണ്ടും പരിഗണിക്കുന്നത്. 


കേസ് സിപിഐഎം നേതാക്കള്‍ ഇടപെട്ട് അട്ടിമറിക്കുകയാണെന്നും, അതിനാല്‍ സിബിഐ അന്വേഷണം വേണമെന്നുമാണ് ഹര്‍ജിയിലെ ആവശ്യം. നേരത്തെ സര്‍ക്കാരും ബാങ്കും ഈ ആവശ്യത്തെ എതിര്‍ത്തിരുന്നു. ഏതാനും നിക്ഷേപകര്‍ നല്‍കിയ മറ്റൊരു ഹര്‍ജിയും ഇന്ന് ഹൈക്കോടതി പരിഗണിക്കും. കാലാവധി പൂര്‍ത്തിയായ സ്ഥിരനിക്ഷേപങ്ങള്‍ പിന്‍വലിക്കാന്‍ എത്രപേര്‍ അപേക്ഷ നല്‍കിയിട്ടുണ്ടെന്നറിയിക്കാന്‍ കഴിഞ്ഞ തവണ ഹര്‍ജി പരിഗണിക്കവെ കോടതി നിര്‍ദ്ദേശം നല്‍കിയിരുന്നു. വിഷയത്തില്‍ സര്‍ക്കാരിന് എന്ത് ചെയ്യാന്‍ കഴിയുമെന്ന് അറിയിക്കണമെന്നും ജസ്റ്റിസ് ടി.ആര്‍. രവി നിര്‍ദേശം നല്‍കിയിരുന്നു. കരുവന്നൂര്‍ ബാങ്കിലെ ക്രമക്കേടില്‍ ഭരണസമിതി അംഗങ്ങള്‍ക്ക് ഒരു പങ്കുമില്ല എന്ന് പത്ത് വര്‍ഷം കരുവന്നൂര്‍ ബാങ്ക് ഭരണസമിതിയംഗമായിരുന്ന കെ വി സുഗതന്‍ 24നോട് പറഞ്ഞു. അഴിമതി നടത്തിയത് ബാങ്ക് സെക്രട്ടറി സുനില്‍കുമാറിന്റെ നേതൃത്വത്തിലാണ്. മിനുട്‌സ് കൃത്യമായി രേഖപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ ആ പരിപ്പ് ഇവിടെ വേവില്ലെന്നായിരുന്നു മറുപടി എന്നും കെവി സുഗതന്‍ പറഞ്ഞു.

സുനില്‍കുമാറും സിപിഐഎം ജില്ലാ സെക്രട്ടേറിയേറ്റംഗമായിരുന്ന സി കെ ചന്ദ്രനുമാണ് ബാങ്ക് കൊണ്ടുനടന്നിരുന്നത്. വലിയ ലോണുകള്‍ നല്‍കിയത് ഭരണസമിതി അംഗങ്ങളുടെ അറിവില്ലാതെയാണ്. ഉടുതുണിക്ക് മറുതുണിയില്ലാതെ ബാങ്കിലേക്ക് കയറിവന്ന പലരും ഇപ്പോള്‍ വലിയ ആസ്തിയുള്ളവരായി. ഭരണസമിതി അംഗങ്ങളുടെ ജീവിതം ഇപ്പോഴും പഴയപടി തന്നെയാണ്. ക്രമക്കേടിനെ കുറിച്ച് സിപിഐഎം-സിപിഐ നേതൃത്വത്തോട് അന്നേ പറഞ്ഞിരുന്നതാണ്. എല്ലാം പഴയപടി തുടരട്ടേ എന്നായിരുന്നു നേതൃത്വത്തിന്റെ മറുപടി എന്നും അദ്ദേഹം പ്രതികരിച്ചു.

Related News