മൂന്ന് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

  • 01/08/2022

തിരുവനന്തപുരം: അതിതീവ്ര മഴ തുടരുന്ന പശ്ചാത്തലത്തില്‍ തിരുവനന്തപുരം മുതല്‍ എറണാകുളം വരെയുള്ള ഏഴ് ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് തിരുവനന്തപുരം, എറണാകുളം, പത്തനംതിട്ട ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. പ്രൊഫഷണല്‍ കോളജുകള്‍ക്ക് ഉള്‍പ്പെടെയാണ് അവധി. ജില്ലാ കളക്ടര്‍മാരാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. 

തെക്കന്‍ കേരളത്തിലും മധ്യകേരളത്തിലും ഇന്നും നാളെയും അതിതീവ്ര മഴപെയ്യുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. അടുത്ത് നാല് ദിവസത്തേക്ക് സംസ്ഥാനത്ത് അതിതീവ്ര മഴയുണ്ടാകും. ജനങ്ങള്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പോലീസ്, അഗ്നിരക്ഷാസേന, മറ്റ് സര്‍ക്കാര്‍ സംവിധാനങ്ങള്‍ എന്നിവരോട് ജാഗരൂഗരായിരിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
മത്സ്യത്തൊഴിലാളികള്‍ യാതൊരു കാരണവശാലും കടലില്‍ പോകരുതെന്നാണ് നിര്‍ദേശം. ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ നിന്ന് ആളുകളെ മാറ്റിപ്പാര്‍പ്പിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആവശ്യമെങ്കില്‍ ക്യാമ്പുകളിലേക്ക് മാറ്റണം. ക്യാമ്പുകളില്‍ സൗകര്യങ്ങള്‍ ഉറപ്പാക്കണം. നദികള്‍, ജലാശയങ്ങള്‍, തോടുകള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ കുളിക്കാനോ അലക്കാനോ മൃഗങ്ങളെ കുളിപ്പിക്കാനോ ഇറങ്ങരുത്. രാത്രി യാത്രകള്‍ പരമാവധി ഒഴിവാക്കണം. ദുരന്ത നിവാരണ അതോറിറ്റി അതത് സമയങ്ങളില്‍ നല്‍കുന്ന മുന്നറിയിപ്പുകള്‍ കൃത്യമായി പാലിക്കാന്‍ എല്ലാവരും തയ്യാറാകണമെന്ന് മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു.

Related News