ശ്രീറാം വെങ്കിട്ട രാമനെതിരെ സെന്‍ട്രല്‍ വിജിലന്‍സ് കമ്മീഷണര്‍ക്ക് പരാതി

  • 01/08/2022

ആലപ്പുഴ: ജില്ലാ കളക്ടര്‍ ശ്രീറാം വെങ്കിട്ടരാമനെതിരെ സെന്‍ട്രല്‍ വിജിലന്‍സ് കമ്മീഷന് പരാതി. എല്‍ജെഡി സംസ്ഥാന ജനറല്‍ സെക്രട്ടറി സലീം മടവൂരാണ് പരാതിക്കാരന്‍. അധികാര ദുര്‍വിനിയോഗം, തെളിവു നശിപ്പിക്കല്‍ എന്നീ കുറ്റങ്ങള്‍ ചെയ്തിട്ടുള്ളതിനാല്‍ ശ്രീറാം വെങ്കിട്ടരാമനെ സിവില്‍ സര്‍വീസില്‍ നിന്നും നീക്കം ചെയ്യാന്‍ പേഴ്‌സണല്‍ മന്ത്രാലയത്തോട് ശുപാര്‍ശ ചെയ്യണമെന്നാണ് പരാതിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്്.

തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍ ശ്രീറാമിന് റെട്രോഗ്രേഡ് അംനീഷ്യ എന്ന മാനസികരോഗമുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്, ഇതിനാല്‍ ഉത്തരവാദിത്തപ്പെട്ട ജോലികള്‍ ചെയ്യാന്‍ അദ്ദേഹം യോഗ്യനല്ലെന്നും പരാതിയില്‍ പറയുന്നു. പത്രപ്രവര്‍ത്തകനായ ബഷീറിന്റെ അപകട മരണത്തിന് കാരണക്കാരനായിട്ടും ഐഎഎസ് പദവി ദുരുപയോഗം ചെയ്ത് കേസില്‍ നിന്ന് രക്ഷപ്പെടാന്‍ ഗൂഢാലോചന നടത്തി. ഭാവിയില്‍ ജില്ലാ മജിസ്‌ട്രേറ്റിന്റെയടക്കം ചുമതല വഹിക്കേണ്ട ഉദ്യോഗസ്ഥന്‍, പൊലീസിനെ സ്വാധീനിച്ച് സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടുകയും രക്തസാമ്പിള്‍ നല്‍കാന്‍ വിസമ്മതിക്കുകയും ചെയ്തു. ജയിലിലേക്ക് റിമാന്‍ഡ് ചെയ്തപ്പോഴും ജയില്‍ ഡോക്ടറെ സ്വാധീനിച്ച് ജയില്‍വാസം ഒഴിവാക്കിയെന്നും പരാതിയില്‍ പറയുന്നു. സസ്‌പെന്‍ഡ് ചെയ്യപ്പെടുമ്പോള്‍ ഡെപ്യൂട്ടി സെക്രട്ടറി റാങ്കിലായിരുന്ന ശ്രീറാമിനെ തിരിച്ചെടുത്തത് ജോയന്റ് സെക്രട്ടറി റാങ്കിലാണ്. ഇത് കേന്ദ്ര പേഴ്‌സണല്‍ മന്ത്രാലയത്തിന്റെ ഓഫീസ് മെമ്മോറാണ്ടത്തിന്റെ പരസ്യമായ ലംഘനമാണ്. സര്‍ക്കാര്‍ ഉത്തരവുകളെക്കുറിച്ച് വ്യക്തമായ അറിവുണ്ടായിട്ടും അത് ലംഘിച്ചത് ഗുരുതരമായ കുറ്റകൃത്യമാണ്. ജില്ലാ മജിസ്‌ട്രേട്ടിന്റെ ചുമതല വഹിക്കുന്ന വ്യക്തി അധികാര ദുര്‍വിനിയോഗവും സ്വാധീനവും ഉപയോഗിച്ച് ഗുരുതരമായ കുറ്റകൃത്യത്തില്‍ നിന്നും രക്ഷപ്പെടാന്‍ ശ്രമിച്ചു. റെട്രോഗ്രേഡ് അംനീഷ്യയുള്ള വ്യക്തി സിവില്‍ സര്‍വീസിലെ ഉന്നത ജോലികള്‍ ചെയ്യാന്‍ അയോഗ്യനാണ്', ശ്രീറാമിനെ സിവില്‍ സര്‍വീസില്‍ നിന്നും നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള പരാതിയില്‍ സലീം മടവൂര്‍ പറയുന്നു.

 

Related News