ശ്രീറാം വെങ്കിട്ടരാമന്‍ ഇനി സപ്ലൈകോ ജനറല്‍ മാനേജര്‍

  • 02/08/2022

തിരുവനന്തപുരം: ആലപ്പുഴ ജില്ലാ കളക്ടര്‍ സ്ഥാനത്ത് നിന്നും ശ്രീറാം വെങ്കിട്ടരാമനെ മാറ്റി. സപ്ലൈകോ ജനറല്‍ മാനേജറായാണ് പുതിയ നിയമനം. ശ്രീറാമിന് പകരം വി ആര്‍ കൃഷ്ണ തേജയെ ആലപ്പുഴ കളക്ടറായി നിയമിച്ചിട്ടുണ്ട്. പ്രളയകാലത്ത് ആലപ്പുഴ സബ് കളക്ടറായിരുന്നു വി ആര്‍ കൃഷ്ണ തേജ മൈലാവരപ്പ്.


സിവില്‍ സപ്ലൈസ് കോര്‍പറേഷന്‍ ജനറല്‍ മാനേജരായി നിയമിക്കപ്പെട്ട ശ്രീറാം വെങ്കിട്ടരാമന്‍ സപ്ലൈകോയുടെ കൊച്ചി ഓഫീസിലാണ്  ഇനി പ്രവര്‍ത്തിക്കേണ്ടത്. ശ്രീറാമിന്റെ ഭാര്യയായ ഡോ. രേണുരാജ് കഴിഞ്ഞ ദിവസമാണ് എറണാകുളം ജില്ലാ കളക്ടറായി ചുമതലയേറ്റത്. ദിവസങ്ങള്‍ക്ക് മുന്‍പാണ് ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ലാ കളക്ടറാക്കി സര്‍ക്കാര്‍ നിയമിച്ചത്. ഇതിന് പിന്നാലെ തീരുമാനത്തിനെതിരെ പൊതുസമൂഹത്തില്‍ നിന്ന് വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. കോണ്‍ഗ്രസ് അടക്കമുള്ള രാഷ്ട്രീയ കക്ഷികള്‍ക്ക് പുറമെ കാന്തപുരം വിഭാഗത്തിന്റെ കേരള മുസ്ലിം ജമാഅത്തും പരസ്യപ്രതിഷേധം ഉയര്‍ത്തി. ശനിയാഴ്ച സംസ്ഥാന വ്യാപകമായി കലക്ടറേറ്റുകള്‍ക്കും സെക്രട്ടറിയേറ്റിനും മുമ്പില്‍ മുസ്ലിം സംഘടനകള്‍ പ്രതിഷേധിച്ചിരുന്നു. കേരള പത്ര പ്രവര്‍ത്തക യൂണിയനും നിയമനം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് സമരരംഗത്തിറങ്ങിയിരുന്നു. ഇടതുപക്ഷത്തിനൊപ്പം നിന്ന കാന്തപുരം വിഭാഗം നേതാക്കള്‍ അതിശക്തമായ സമരവുമായി രംഗത്തിറങ്ങിയതും നേതാക്കള്‍ സര്‍ക്കാരിനെതിരെ വിമര്‍ശനം ശക്തമാക്കിയതും നിയമനം പുനഃപരിശോധിക്കാന്‍ സര്‍ക്കാരിനെ പ്രേരിപ്പിച്ചുവെന്നാണ് വിവരം. 2019 ഓഗസ്റ്റ് മൂന്നിനാണ് സിറാജ് ദിനപത്രത്തിന്റെ തിരുവനന്തപുരം യൂണിറ്റ് ചീഫായിരുന്ന  കെ എം ബഷീര്‍ വാഹനമിടിച്ച് കൊല്ലപ്പെട്ടത്. മദ്യപിച്ചെത്തിയ ശ്രീറാം വെങ്കിട്ടരാമന്റെ വാഹനമിടിച്ചായിരുന്നു ബഷീറിന്റെ മരണം.

Related News