മന്ത്രി ആന്റണി രാജു പ്രതിയായ കേസിന്റെ വിചാരണ നാലിന് ആരംഭിക്കും

  • 02/08/2022

തിരുവനന്തപുരം: മന്ത്രി ആന്റണി രാജു പ്രതിയായ തൊണ്ടി നശിപ്പിക്കല്‍ കേസില്‍ ഈ മാസം നാലിന് വിചാരണ തുടങ്ങും. നെടുമങ്ങാട് മജിസ്‌ട്രേറ്റ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. അന്ന് മൂന്നു സാക്ഷികളെ വിസ്തരിക്കും. കേസില്‍ ആകെ 29 സാക്ഷികളാണുള്ളത്. സിആര്‍പിസി 308 അനുസരിച്ച് കേസില്‍ ദിവസേന വിചാരണ നടക്കും.


ഓസ്ട്രേലിയന്‍ പൗരന്‍ ആന്‍ഡ്രൂ സാല്‍വറ്റോര്‍ സാര്‍വലി പ്രതിയായ ലഹരിമരുന്നു കേസിലെ പ്രധാന തൊണ്ടിയായ ജട്ടി കോടതിയില്‍ നിന്ന് കൊണ്ടുപോയി വെട്ടിച്ചുരുക്കി കൃത്രിമം കാട്ടിയെന്നാണ് ആന്റണി രാജുവിനെതിരെയുള്ള കേസ്. അടിവസ്ത്രത്രം വെട്ടി തയ്ച്ച് കൃത്രിമം കാട്ടിയതായി ഫൊറന്‍സിക് പരിശോധനയില്‍ സ്ഥിരീകരിച്ചതോടെയാണ് ആന്‍ഡ്രൂ സാല്‍വറ്റോര്‍ സാര്‍വലിയുടെ അഭിഭാഷകനായിരുന്ന ആന്റണി രാജുവിനും കോടതിയിലെ ക്ലാര്‍ക്ക് ജോസിനുമെതിരെ കേസെടുത്തത്. 2014ലാണ് ആന്റണി രാജുവിനെതിരായ കേസ് മജിസ്‌ട്രേറ്റ് കോടതിയ്ക്കു മുന്നിലെത്തുന്നത്. എന്നാല്‍, വിചാരണ അകാരണമായി നീണ്ടു.

സിആര്‍പിസി 273 അനുസരിച്ച് പ്രതിയായ ആന്റണി രാജുവിന്റെ സാന്നിധ്യത്തിലായിരിക്കണം വിചാരണ. സിആര്‍പിസി 205, 317 അനുസരിച്ച് മതിയായ കാരണം പ്രതിക്കു ബോധ്യപ്പെടുത്താനായാല്‍ നേരിട്ട് ഹാജരാകുന്നതില്‍നിന്നു കോടതിക്ക് ഇളവു നല്‍കാം. സ്ഥിരമായി ഇളവു നല്‍കുന്നത് കോടതിയുടെ വിവേചനാധികാരമാണ്. ഇതിനായി കോടതിയില്‍ അപേക്ഷ നല്‍കി വാദം പൂര്‍ത്തിയാക്കി കോടതിയെടുക്കുന്ന തീരുമാനം നിര്‍ണായകമാണ്. എന്നാല്‍ കേസിന്റെ വിചാരണ നീണ്ടുപോയതിന് കഴിഞ്ഞ ദിവസം ഹൈക്കോടതി മജിസ്‌ട്രേറ്റ് കോടതിയോട് വിശദീകരണം തേടിയിരുന്നു. സിആര്‍പിസി 479 അനുസരിച്ച് ഹൈക്കോടതിക്ക് മജിസ്‌ട്രേറ്റ് കോടതിയുടെമേല്‍ നിരീക്ഷണാധികാരമുണ്ട് .

Related News