സ്വപ്നയാത്ര പൂര്‍ത്തിയാക്കാന്‍ ദിവസങ്ങള്‍ ബാക്കി നില്‍ക്കെ അനസിന്‍റെ ജീവിതയാത്രയ്ക്ക് വിരാമം; മരണം വാഹനാപകടത്തെ തുടര്‍ന്ന്

  • 02/08/2022

ചണ്ഡീഗഡ്: കന്യാകുമാരി മുതൽ കശ്മീർ വരെ സ്കേറ്റിംഗ് ബോഡിൽ യാത്ര ചെയ്യാൻ പുറപ്പെട്ട അനസ് ഹജാസ് വാഹനാപകടത്തിൽ മരിച്ചു. ഹരിയാനയിലെ കൽക്കയിൽ വെച്ചായിരുന്നു അപകടം ഉണ്ടായത്. അനസ് ഹജാസിനെ ഒരു ട്രക്കിടിച്ച് തെറിപ്പിക്കുകയായിരുന്നു. തിരുവനന്തപുരം വെഞ്ഞാറമൂട് സ്വദേശിയാണ്.

കഴിഞ്ഞ മെയ് 29 നാണ് അനസ് സ്കേറ്റിംഗ് ബോർഡിലുള്ള യാത്ര തുടങ്ങിയത്. സ്‌കേറ്റിങ് ബോര്‍ഡില്‍ കശ്മീരില്‍ പോയി ചരിത്രമെഴുതുകയെന്നതായിരുന്നു അനസിന്‍റെ ലക്ഷ്യം. യാത്ര അവസാനിക്കാൻ പതിനഞ്ച് ദിവസം ബാക്കി നിൽക്കെയാണ് അന്ത്യം സംഭവിച്ചത്. അനസ് തന്‍റെ യാത്രയുടെ 64-ാം ദിവസമാണ് ഹരിയാനയിലെ പിങ്ചോറില്‍ വെച്ച് അപകടത്തില്‍ മരിച്ചത്.  

ചൊവ്വാഴ്ച രാവിലെ എട്ട് മണിയോടെയായിരുന്നു അപകടം. ഒരു ദിവസം 40 കി.മി ദൂരമായിരുന്നു അനസിന്റെ യാത്ര. 64 ദിവസത്തെ യാത്രയ്ക്ക് ശേഷം ലക്ഷ്യത്തിലെത്താന്‍ അനസിന് 600 കി.മീ താഴെ മാത്രമായിരുന്നു ഇനി ബാക്കിയുണ്ടായിരുന്നത്. അമ്പലയിലെത്തി വിശ്രമത്തിനിടെയാണ് അവസാന വീഡിയോ എടുത്തത്. ഇടിച്ച വാഹനം നിര്‍ത്താതെ പോയതിനാല്‍ വാഹനത്തെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നാണ് വിവരം.  

 

Related News