പ്രകൃതി ചികിത്സയിലൂടെ പ്രസവം; കുട്ടി മരിച്ച സംഭവത്തില്‍ ഡോക്ടറുടെ വീഴ്ച, ആറുലക്ഷം നഷ്ടപരിഹാരം

  • 02/08/2022

മലപ്പുറം: മലപ്പുറത്ത് പ്രകൃതി ചികിത്സയിലൂടെ നടത്തിയ പ്രസവത്തില്‍ കുട്ടി മരിക്കാനിടയായത് ഡോക്ടറുടെ വീഴ്ചയെന്ന് ഉപഭോക്തൃ കമ്മീഷന്‍ കണ്ടെത്തല്‍. കുട്ടി മരിക്കാനിടയായ സംഭവത്തില്‍ ഡോക്ടര്‍ കുറ്റക്കാരനാണെന്ന് ഉപഭോക്തൃ കമ്മീഷന്‍ വിധിച്ചു. പരാതിക്കാരിക്ക് ചികിത്സാ ചെലവ് ഉള്‍പ്പെടെ നഷ്ടപരിഹാരമായി 6,24,937 രൂപ നല്‍കാനും കമ്മീഷന്‍ വിധിച്ചു. വിധി അനുസരിച്ചുള്ള തുക ഒരു മാസത്തിനകം പരാതിക്കാരിക്ക് നല്‍കണം.

സിസേറിയന്‍ വഴി മൂന്ന് തവണ പ്രസവിച്ച സ്ത്രീക്ക് നാച്വറോപ്പതി യോഗാ സമ്പ്രദായമനുസരിച്ച് സ്വാഭാവികപ്രസവമാണ് ഡോക്ടര്‍ വാഗ്ദാനം ചെയ്തത്. കഴിഞ്ഞ മൂന്ന് പ്രസവവും സിസേറിയന്‍ മുഖേനയായതിനാല്‍ സ്വാഭാവിക പ്രസവത്തിനായി കൊടിഞ്ഞി സ്വദേശിനി വാളക്കുളം പാറമ്മല്‍ സ്പ്രൗട്ട്‌സ് ഇന്റര്‍നാഷനല്‍ മെറ്റേര്‍ണി സ്റ്റുഡിയോയെ സമീപിക്കുകയായിരുന്നു. 

അഞ്ച് മാസക്കാലം സ്ഥാപനത്തിലെ നിര്‍ദേശമനുസരിച്ചുള്ള വ്യായാമവും ഭക്ഷണവും പിന്തുടര്‍ന്നു. എന്നാല്‍ പ്രസവവേദനയെ തുടര്‍ന്ന് സ്ഥാപനത്തിലെത്തി മണിക്കൂറുകള്‍ പിന്നിട്ടിട്ടും പ്രസവം നടക്കാത്തതിനാല്‍ അവശയായ ഇവരെ കോട്ടക്കലിലെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. 

ഏറെ നാളത്തെ ചികിത്സക്കുശേഷവും അവശനില തുടരുന്നതിനാലാണ് പരാതിക്കാരി ഉപഭോക്തൃ കമ്മീഷനെ സമീപിച്ചത്. പരാതിക്കാരിയുടെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് ചികിത്സ ഏറ്റെടുത്തതെന്നും പ്രസവമോ കുട്ടിയുടെ മരണമോ തന്റെ സ്ഥാപനത്തില്‍ നിന്നല്ല സംഭവിച്ചതെന്നുമാണ് ഡോക്ടറുടെ വാദം. എന്നാല്‍ ഇത് കമ്മീഷന്‍ അംഗീകരിച്ചില്ല. 

Related News