ഫോണിൽ ഉറക്കെ പാട്ടുവെച്ചു; തര്‍ക്കത്തിനിടെ അനിയൻ ചേട്ടനെ വിറക് കൊണ്ട് അടിച്ച് കൊലപ്പെടുത്തി

  • 02/08/2022

പാലക്കാട്: തര്‍ക്കത്തിനിടെ അനിയൻ ചേട്ടനെ വിറക് കൊണ്ട് അടിച്ച് കൊലപ്പെടുത്തി. പാലക്കാട് കൊപ്പം മുളയങ്കാവിലാണ് സംഭവം. നടക്കാവിൽ വീട്ടിൽ സൻവർ സാബു (40) വാണ് കൊല്ലപ്പെട്ടത്. മൊബൈൽ ഫോണിൽ ഉറക്കെ പാട്ട് വെച്ചതുമായി ബന്ധപ്പെട്ട് അനിയൻ ഷക്കീറുമായി ഉണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. 

തിങ്കളാഴ്ച വൈകുന്നേരം നാല് മണിക്കാണ് സംഭവം. സൻവ‍ർ ബാബു പ്രാർത്ഥിക്കുന്നതിനിടെ ഷക്കീ‍ർ ഉച്ചത്തിൽ പാട്ടുവച്ചു. ശബ്ദം കുറയ്ക്കാൻ സ‍ൻവ‍ർ ബാബു അനുജൻ ഷക്കീറിനോട് പലതവണ ആവശ്യപ്പെട്ടെങ്കിലും ഷക്കീ‍ർ ഇതനുസരിച്ചില്ല. തുടര്‍ന്ന് ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടായി. ഇതിന് പിന്നാലെ വിറക് കൊള്ളിയുമായി എത്തിയ ഷക്കീ‍ർ സൻവ‍ർ ബാബുവിനെ ആക്രമിക്കുകയായിരുന്നു.

സൻവറിന്‍റെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു. ഇയാളെ ആദ്യം പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലും, പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. എന്നാൽ ജീവൻ രക്ഷിക്കാനായില്ല. സംഭവത്തില്‍ പോലീസ് കേസെടുത്തു. ഷക്കീറിനെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Related News