കീടനാശിനി തളിച്ച വീട്ടില്‍ കിടന്നുറങ്ങിയ മലയാളി പെണ്‍കുട്ടിക്ക് ദാരുണാന്ത്യം

  • 02/08/2022

ബെംഗളൂരു: ബെംഗളൂരുവില്‍ കീടനാശിനി തളിച്ച വീട്ടില്‍ കിടന്നുറങ്ങിയ കണ്ണൂർ സ്വദേശിനിയായ 8 വയസ്സുകാരി മരിച്ചു. കൂത്തുപറമ്പ് നിർമലഗിരി കോമ്പിൻ രായരോത്ത് വിനോദിന്റെ മകൾ അഹാനയാണ് മരിച്ചത്. കീടനാശിനി ശ്വസിച്ച വിനോദും ഭാര്യ നിഷയും സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. 

വസന്തനഗർ മാരിയമ്മ‍ൻ ക്ഷേത്രത്തിനു സമീപം ഇവർ വാടകയ്ക്കു താമസിക്കുന്ന വീട്ടിലാണ് സംഭവം. ദിവസങ്ങള്‍ക്ക് മുമ്പ് ഇവര്‍ താമസിക്കുന്ന വീട് കീടനാശിനി തളിച്ച് വൃത്തിയാക്കണമെന്നും അതിനായി രണ്ടുദിവസത്തേക്ക് മാറിനില്‍ക്കണമെന്നും വീട്ടുടമ ആവശ്യപ്പെട്ടിരുന്നു. വിനോദും കുടുംബവും കഴിഞ്ഞയാഴ്ച നാട്ടിൽ പോയ സമയത്ത് വീട്ടുടമ മുറിക്കുള്ളിൽ കീടനാശിനി തളിച്ചു. 

തിങ്കളാഴ്ച പുലർച്ചെയാണ് നാട്ടിൽ നിന്ന് വിനോദും കുടുംബവും തിരിച്ചെത്തിയത്. തുടര്‍ന്ന് ഇവർ കുറച്ചുനേരം വീട്ടില്‍ കിടന്നുറങ്ങി. ശാരീരിക അസ്വാസ്ഥ്യം തോന്നിയതോടെ നേരത്തേ സൂക്ഷിച്ചിരുന്ന ജാറിൽ നിന്നുള്ള വെള്ളം ഉപയോഗിച്ച് ചായ ഉണ്ടാക്കി കുടിച്ചു. കുറച്ചുകഴിഞ്ഞപ്പോൾ മൂന്നു പേരും തളർന്നുവീഴുകയായിരുന്നു. 

ഇവരെ ആംബുലൻസിൽ വസന്തനഗറിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും അഹാന രാത്രി മരണപ്പെട്ടു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഹൈഗ്രൗണ്ട് പോലീസ് കേസ് അന്വേഷിക്കുകയാണ്.

Related News