പ്ലസ് വണ്‍ ക്ലാസുകള്‍ 25ന് തുടങ്ങും; സംസ്ഥാന സ്‌കൂള്‍ കലോത്സവം കോഴിക്കോട്ട്

  • 03/08/2022

തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് വണ്‍ പ്രവേശനം ഓഗസ്റ്റ് അഞ്ചിന് ആരംഭിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. രണ്ടാം ഘട്ട അലോട്ട്‌മെന്റ് 15 ന് പ്രസിദ്ധീകരിച്ച് 16, 17 തീയതികളില്‍ പ്രവേശനം നടക്കും. മൂന്നാം ഘട്ട അലോട്ട്‌മെന്റ് 22 ന് പ്രസിദ്ധീകരിച്ച് 25 ന് പ്രവേശനം നടക്കും. പ്ലസ് വണ്‍ ക്ലാസ്സുകള്‍ ഈ മാസം 25ന് ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പിലാക്കും. സ്‌കൂളിലെ ഉച്ച ഭക്ഷണ പദ്ധതിയ്ക്കായി 126 കോടി സര്‍ക്കാര്‍ അനുവദിച്ചു. കേന്ദ്രസര്‍ക്കാര്‍ 142 കോടി അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നിവേദനം നല്‍കിയിട്ടുണ്ട്. 

2022 - 23 അധ്യയന വര്‍ഷം അക്ഷരമാല പാഠപുസ്തകങ്ങളില്‍ ഉണ്ടാകും. ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകള്‍ ഇനി പ്രിന്‍സിപ്പാളിന്റെ കീഴിലാവും. ഹെഡ്മാസ്റ്റര്‍മാര്‍ വൈസ് പ്രിന്‍സിപ്പാള്‍മാരാകും.സ്‌കൂള്‍ യുവജനോത്സവം 2023 ജനുവരി 3 മുതല്‍ ഏഴ് വരെ കോഴിക്കോട് നടക്കും. ശാസ്‌ത്രോല്‍സവം നവംബറില്‍ എറണാകുളത്ത് നടക്കും. കായിക മേള നവംബറില്‍ തിരുവനന്തപുരത്ത് സംഘടിപ്പിക്കും. സംസ്ഥാനത്ത് 21 സ്‌കൂളുകള്‍ മിക്‌സഡാക്കിയിട്ടുണ്ട്. സംസ്ഥാനത്ത് ജെന്റര്‍ ന്യൂട്രാലിറ്റി എന്ന ആശയം സംബന്ധിച്ച് വ്യാപകമായ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. പാഠപുസ്തകങ്ങളുടെ ജെന്റര്‍ ഓഡിറ്റിങ്ങ് നടത്തുന്നതിന് തീരുമാനിച്ചിട്ടുണ്ട്. ജെന്റര്‍ ന്യൂട്രല്‍ യൂണിഫോമുകള്‍ ചില സ്‌കൂളുകളില്‍ സ്‌കൂള്‍ അധികാരികള്‍ തന്നെ സ്വമേധയാ നടപ്പിലാക്കുകയും പൊതുസമൂഹവും മാധ്യമങ്ങളും അതിനെ സര്‍വ്വാത്മനാ സ്വാഗതം ചെയ്യുകയും ചെയ്തിട്ടുമുണ്ട്. അത്തരം തീരുമാനം നടപ്പാക്കിയ സ്‌കൂളുകളില്‍ കുട്ടികള്‍ക്കോ, രക്ഷിതാക്കള്‍ക്കോ മറ്റു പരാതികള്‍ ഒന്നും തന്നെ ഇല്ല എന്നാണ് മനസ്സിലാകുന്നത്. എന്നാല്‍ സര്‍ക്കാരിന് ഇക്കാര്യത്തില്‍ പ്രത്യേകമായ നിര്‍ബന്ധബുദ്ധി ഇല്ല. ഏതെങ്കിലും തരത്തിലുളള പ്രത്യേകമായ യൂണിഫോം കോഡ് അടിച്ചേല്‍പ്പിക്കുന്നതിനായി സര്‍ക്കാര്‍ തീരുമാനം എടുത്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

Related News