'വെള്ളത്തില്‍ ചാടാനോ ചൂണ്ട ഇടാനോ പോകല്ലേ'; സ്നേഹത്തോടെ കളക്ടര്‍, അഭിനന്ദിച്ച് സോഷ്യല്‍ മീഡിയ

  • 03/08/2022

ആലപ്പുഴ: മഴ തുടരുന്ന സാഹചര്യത്തിൽ ആലപ്പുഴയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചു കൊണ്ടുള്ള കളക്ടറുടെ കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ വൈറല്‍. ആലപ്പുഴ കളക്ടറായി പുതിയതായി ചുമതലയേറ്റ വി ആർ കൃഷ്‌ണ തേജയാണ് ജില്ലയിൽ അവധി പ്രഖ്യാപിച്ചത്.  പ്രിയ കുട്ടികളെ എന്ന് അഭിസംബോധന ചെയ്തുള്ള ഫേസ്ബുക്ക് കുറിപ്പിന് നിരവധി പേരാണ് ലൈക്കുകളും കമന്‍റുകളുമായി എത്തിയിരിക്കുന്നത്. 

അവധിയാണെന്ന് കരുതി കരുതി വെള്ളത്തില്‍ ചാടാനോ ചൂണ്ട ഇടാനോ പോകല്ലെന്നും കൃത്യ സമയത്ത് ഭക്ഷണം കഴിക്കണമെന്നും പറയുന്ന കുറിപ്പിന് നിരവധി സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ അഭിനന്ദനവുമായെത്തി. കുട്ടികളോടുള്ള കരുതലും സ്നേഹവും പ്രകടമാക്കുന്നതാണെന്നും ആലപ്പുഴയുടെ മനസ്സ് കീഴടക്കിയെന്നുമൊക്കെയുള്ള കമന്‍റുകളാണ് കുറിപ്പിന് താഴെ ലഭിക്കുന്നത്. 

ആലപ്പുഴ ജില്ലാ കളക്ടറുടെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണരൂപം

പ്രിയ കുട്ടികളെ,
ഞാന്‍ ആലപ്പുഴ ജില്ലയില്‍ കളക്ടറായി ചുമതല ഏറ്റെടുത്തത് നിങ്ങള്‍ അറിഞ്ഞു കാണുമല്ലോ. 
എന്റെ ആദ്യ ഉത്തരവ് തന്നെ നിങ്ങള്‍ക്ക് വേണ്ടിയാണ്. നിങ്ങളുടെ സുരക്ഷ ഉറപ്പാക്കാന്‍ വേണ്ടിയാണ്. 
നാളെ നിങ്ങള്‍ക്ക് ഞാന്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. 
എന്ന് കരുതി വെള്ളത്തില്‍ ചാടാനോ ചൂണ്ട ഇടാനോ പോകല്ലേ. നമ്മുടെ ജില്ലയില്‍ നല്ല മഴയാണ്. എല്ലാവരും വീട്ടില്‍ തന്നെ ഇരിക്കണം. അച്ഛൻ അമ്മമാര്‍ ജോലിക്ക് പോയിട്ടുണ്ടാകും. അവരില്ലെന്ന് കരുതി പുറത്തേക്ക് ഒന്നും പോകരുത്. പകര്‍ച്ചവ്യാധി അടക്കം പകരുന്ന സമയമാണ്. പ്രത്യേകം ശ്രദ്ധിക്കണം.
കൃത്യ സമയത്ത് ഭക്ഷണം കഴിക്കണം. അവധിയെന്ന് കരുതി മടി പിടിച്ച് ഇരിക്കാതെ പാഠ ഭാഗങ്ങള്‍ മറിച്ചു നോക്കണം. നന്നായി പഠിച്ച് മിടുക്കരാകൂ...
സനേഹത്തോടെ

Related News