ശ്രീറാം വെങ്കിട്ടരാമന്റെ നിയമനത്തെച്ചൊല്ലി മന്ത്രിസഭാ യോഗത്തിലും അസ്വാരസ്യം

  • 03/08/2022

തിരുവനന്തപുരം: ശ്രീറാം വെങ്കിട്ടരാമന് സപ്ലൈകോയില്‍ നിയമനം നല്‍കിയത് മന്ത്രിസഭാ യോഗത്തിലും ചര്‍ച്ചയായി. മന്ത്രിസഭ യോഗത്തില്‍ ശ്രീറാമിന്റെ നിയമനത്തില്‍ വകുപ്പ് മന്ത്രി ജി ആര്‍ അനില്‍ എതിര്‍പ്പറിയിച്ചു. എന്നാല്‍ മുഖ്യമന്ത്രി മന്ത്രിയുടെ നിലപാടില്‍ തന്റെ അതൃപ്തി അറിയിച്ചതോടെ ചര്‍ച്ചകള്‍ അവിടെ അവസാനിച്ചു.

ശ്രീറാം വെങ്കിട്ടരാമനെ തന്നോട് ചോദിക്കാതെ തന്റെ വകുപ്പില്‍ സെക്രട്ടറിയായി നിയമിച്ചുവെന്നാണ് മന്ത്രി അനില്‍, മന്ത്രിസഭാ യോഗത്തില്‍ പരാതിപ്പെട്ടത്. ഇതിനുള്ള മറുപടിയിലാണ് മന്ത്രിക്കെതിരായ തന്റെ അതൃപ്തി മുഖ്യമന്ത്രി പരസ്യമാക്കിയത്. ശ്രീറാമിന്റെ നിയമനം തന്നെ അറിയിക്കാതെയായിരുന്നുവെന്ന് ചൂണ്ടിക്കാട്ടി മന്ത്രി അനില്‍ തനിക്ക് കത്ത് നല്‍കിയതുമായി ബന്ധപ്പെട്ട് മാധ്യമങ്ങളില്‍ വാര്‍ത്ത വന്നതിലായിരുന്നു മുഖ്യമന്ത്രിയുടെ അതൃപ്തി.മന്ത്രിമാര്‍ക്ക് അഭിപ്രായം പറയാമെന്നും മുഖ്യമന്ത്രിക്ക് കത്ത് നല്‍കാമെന്നും മന്ത്രിക്ക് മുഖ്യമന്ത്രി മറുപടി നല്‍കി. എന്നാല്‍ ആ അഭിപ്രായങ്ങളും കത്തും മാധ്യമങ്ങളില്‍ വാര്‍ത്തയായി വന്നത് ശരിയായില്ല എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. ഇതോടെ വിഷയത്തില്‍ കൂടുതല്‍ ചര്‍ച്ച ഉണ്ടായില്ല.

വ്യാപക പ്രതിഷേധത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ലാ കളക്ടര്‍ സ്ഥാനത്ത് നിന്ന് മാറ്റിയത്. സപ്‌ളൈകോ ജനറല്‍ മാനേജരായിട്ടായിരുന്നു പുനര്‍ നിയമനം. ഇതിനെതിരെ വകുപ്പ് മന്ത്രി ജി ആര്‍ അനില്‍ രംഗത്ത് വന്നിരുന്നു. ചീഫ് സെക്രട്ടറിയുടെ നടപടിയിലായിരുന്നു മന്ത്രി അതൃപ്തി അറിയിച്ചത്.ശ്രീറാം വെങ്കിട്ടരാമനെ സപ്ലൈകോ ജനറല്‍ മാനേജരാക്കിയത് വകുപ്പ് മന്ത്രി അറിഞ്ഞില്ലെന്നും വിവാദത്തില്‍ പെട്ട വ്യക്തി വകുപ്പില്‍ വരുന്നത് അറിയിച്ചില്ലെന്നുമായിരുന്നു മന്ത്രിയുടെ പരാതി. ചീഫ് സെക്രട്ടറിയുടെ ഏകപക്ഷീയമായ നടപടിയില്‍ മുഖ്യമന്ത്രി പിണറായി വിജയന് അതൃപ്തി അറിയിച്ച് മന്ത്രി കത്തും നല്‍കിയിരുന്നു. ചീഫ് സെക്രട്ടറിയുടെ വകുപ്പുകളിലെ ഇടപെടലിനെതിരെ ഇതിന് മുന്‍പും മന്ത്രിസഭാ യോഗത്തില്‍ മന്ത്രിമാര്‍ പ്രതിഷേധം അറിയിച്ചിരുന്നു.

Related News