വിവാദമായി എറണാകുളം ജില്ലാ കലക്ടറുടെ അവധി പ്രഖ്യാപനം

  • 04/08/2022

കൊച്ചി: ശക്തമായ മഴയുടെ പശ്ചാത്തലത്തില്‍ എറണാകുളം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ച കളക്ടറുടെ ഉത്തരവ് വിവാദത്തില്‍. പ്രൊഫഷണല്‍ കോളേജുകള്‍ അടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുമാണ് കളക്ടര്‍ രാവിലെ അവധി പ്രഖ്യാപിച്ചത്. എന്നാല്‍ അവധി പ്രഖ്യാപിച്ചപ്പോഴേക്കും ഭൂരിഭാഗം കുട്ടികളും സ്‌കൂളില്‍ എത്തിയിരുന്നു.

ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വൈകി അവധി പ്രഖ്യാപിച്ചത് വ്യാപക വിമര്‍ശനത്തിനിടയാക്കിയിരുന്നു. ഇന്ന് രാവിലെ 8.25നായിരുന്നു കളക്ടര്‍ അവധി പ്രഖ്യാപിക്കുന്നത്. ഇതിനകം തന്നെ പല കുട്ടികളും സ്‌കൂളില്‍ എത്തിയിരുന്നു. കുട്ടികള്‍ സ്‌കൂളില്‍ എത്തിയ സാഹചര്യത്തില്‍ തിരിച്ചു വിളിക്കാനുള്ള പ്രായോഗിക ബുദ്ധിമുട്ടുകള്‍ കളക്ടറുടെ പോസ്റ്റിനടിയില്‍ മാതാപിതാക്കള്‍ പങ്കുവെക്കുകയും ചെയ്തിരുന്നു. ഇതിനുപിന്നാലെയാണ് ആദ്യ ഉത്തരവില്‍ വിശദീകരണവുമായി കളക്ടര്‍ വീണ്ടും രംഗത്തെത്തിയത്. രാത്രിയില്‍ ആരംഭിച്ച മഴ ഇപ്പോഴും നിലക്കാതെ തുടരുന്നതിനാലും അപകടങ്ങള്‍ ഒഴിവാക്കുന്നതിനുമാണ് അവധി പ്രഖ്യാപിച്ചത്. ഇതിനകം പ്രവര്‍ത്തനം ആരംഭിച്ച സ്‌കൂളുകള്‍ അടക്കേണ്ടതില്ല. സ്‌കൂളുകളിലെത്തിയ വിദ്യാര്‍ത്ഥികളെ തിരിച്ചയക്കേണ്ടതില്ലെന്നും കളക്ടര്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.ഫെയ്‌സ്ബുക്ക് പോസ്റ്റിന് താഴെ വ്യപക വിമര്‍ശനങ്ങളാണ് ഉയരുന്നത്. 'ഉത്തരവാദിതത്തിന്റെ നിറകുടമേ', 'സ്‌കൂളുകള്‍ അരമണിക്കൂര്‍ മുന്‍പേ അടച്ചു. വേണമെങ്കില്‍ ഒരു മണിക്കൂര്‍ മുന്‍പേ അടക്കാം', 'ഇത് മഴകെടുതിയേക്കള്‍ വലിയ കെടുതി ആയിപ്പോയി', 'കലക്ടര്‍ ഉറങ്ങിപ്പോയോ?' തുടങ്ങി വ്യാപക വിമര്‍ശന കമന്റുകളാണ് കളക്ടര്‍ക്കെതിരെ ഉയരുന്നത്.

Related News