വിചാരണ ജഡ്ജിക്കെതിരെ ഹൈക്കോടതി രജിസ്ട്രാര്‍ക്ക് കത്തയച്ച് ദിലീപ് കേസിലെ അതിജീവിത

  • 04/08/2022

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വിചാരണ ജഡ്ജി ഹണി എം വര്‍ഗീസിനെതിരെ അതിജീവിത. ജഡ്ജി ഹണി എം വര്‍ഗീസ് കേസ് പരിഗണിച്ചാല്‍ നീതി ലഭിക്കില്ലെന്ന് ഹൈക്കോടതി രജിസ്ട്രാര്‍ക്ക് അയച്ച കത്തില്‍ അതിജീവിത പറയുന്നു. പ്രിന്‍സിപ്പല്‍ സെക്ഷന്‍സ് ജഡ്ജിയായ ഹണി എം വര്‍ഗീസിന് നടിയെ ആക്രമിച്ച കേസിന്റെ വിചാരണ നടക്കുന്ന സിബിഐ കോടതിയുടെ ചുമതല നല്‍കിയിരുന്നു.


സിബിഐ കോടതിയില്‍ നടക്കുന്ന വിചാരണ പ്രിന്‍സിപ്പല്‍ സെക്ഷന്‍സ് കോടതിയിലേക്ക് മാറ്റരുതെന്നും വനിത ജഡ്ജി തന്നെ കേസ് പരിഗണിക്കണമെന്നില്ലെന്നും അതിജീവിത കത്തില്‍ പറയുന്നു. കഴിഞ്ഞദിവസം സിബിഐ കോടതിയുടെ അധിക ചുമതലയില്‍ നിന്ന് ഹണി വര്‍ഗീസിനെ മറ്റിയിരുന്നു. ഇതോടെ സിബിഐ കോടതിയില്‍ നിന്ന് പ്രിന്‍സിപ്പല്‍ കോടതിയിലേക്ക് മാറ്റാനുള്ള തീരുമാനത്തെ ഇത് അനുവദിക്കരുതെന്നാണ് അതിജീവിതയുടെ ആവശ്യം.
കേസ് സിബിഐ കോടതിയില്‍ തുടരട്ടെയെന്നും അതിജീവിത പറയുന്നു. നേരത്തെയും വിചാരണ ജഡ്ജിയായ ഹണി എം വര്‍ഗീസിനെതിരെ അതിജീവിത രംഗത്തെത്തിയിരുന്നു. പക്ഷപാതപരമായ നിലപാടാണ് ജഡ്ഡി സ്വീകരിക്കുന്നതെന്നായിരുന്നു ആരോപണം. അതിജീവിതയുടെ ആവശ്യപ്രകാരമായിരുന്നു നേരത്തെ വനിത ജഡ്ജിയെ നിയമിച്ചത്. കേസില്‍ ഇനിയും 108ല്‍പരം സാക്ഷികളെ വിസ്തരിക്കാനുണ്ട്. അനുബന്ധ കുറ്റപത്രത്തിലും വിചാരണ തുടങ്ങിയിട്ടില്ല. ഹൈക്കോടതി രജിസ്ട്രാര്‍ക്കാണ് അതിജീവിത പരാതി നല്‍കിയത്.

Related News