ഓണ്‍ലൈന്‍ റമ്മി കളിച്ച് പണം നഷ്ടപ്പെട്ടു; വീണ്ടും കളിക്കുന്നതിനായി മോഷണം പ്രവാസിയും വിദ്യാര്‍ത്ഥിയും പിടിയില്‍

  • 04/08/2022

അഞ്ചല്‍: ഓണ്‍ലൈന്‍ റമ്മി കളിച്ച് കയ്യിലെ പണം നഷ്ടപ്പെട്ടതോടെ മേഷണത്തിനിറങ്ങിയ രണ്ടുപേര്‍ പിടിയില്‍. പണത്തിനായി വീട്ടമ്മയുടെ മാല പൊട്ടിച്ചതുള്‍പ്പെടെ മോഷണം നടത്തിയ പ്രവാസിയും ബിരുദവിദ്യാര്‍ഥിയും പിടിയില്‍. സമാനമായ രണ്ടു സംഭവങ്ങളും നടന്നത് അഞ്ചല്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലായിരുന്നു. ഉമ്മന്നൂര്‍ നെല്ലിമൂട്ടില്‍ പുത്തന്‍വീട്ടില്‍ അനീഷ് (23) വിദേശത്ത് ജോലിചെയ്തുണ്ടാക്കിയ പണവും കടം വാങ്ങിയ പണവും ഓണ്‍ലൈന്‍ റമ്മികളിയിലൂടെ നഷ്ടപ്പെടുത്തി.

വീട്ടില്‍നിന്നും ബന്ധുക്കളില്‍നിന്നും കടംവാങ്ങി. അതും നഷ്ടപ്പെട്ടതോടെ വീണ്ടും കളിക്കുന്നതിനുള്ള പണത്തിനുവേണ്ടിയാണ് ഇവര്‍ മോഷണത്തിനിറങ്ങിയത്. ലക്ഷങ്ങളാണ് ഇവര്‍ റമ്മി കളിച്ച് നഷ്ടപ്പെടുത്തിയത്. റമ്മികളിക്ക് അടിമയായ അനീഷിന്റെ സമ്പാദ്യം മുഴുവനും നഷ്ടപ്പെട്ടപ്പോള്‍ മറ്റ് വഴികളില്ലാതെ മാര്‍ഗമില്ലാതെ മോഷണത്തിനിറങ്ങുകയായിരുന്നു.

വൃന്ദാവനം ജങ്ഷനിലെ ബസ് സ്റ്റോപ്പില്‍ ബസ് കാത്തുനിന്ന വീട്ടമ്മയെ കത്തികാട്ടി ഭീഷണിപ്പെടുത്തുകയും അവരുടെ കഴുത്തില്‍ക്കിടന്ന രണ്ടുപവന്റെ മാല കവരുകയും ചെയ്തു. വാടകയ്‌ക്കെടുത്ത കാറില്‍ കറങ്ങിയായിരുന്നു മോഷണം. മാല ഓടനാവട്ടത്തെ സ്വകാര്യ ബാങ്കില്‍ 50,000 രൂപയ്ക്ക് പണയംവെച്ചു. പിന്നീട് വിദേശത്തേക്കു കടക്കാനായിരുന്നു പദ്ധതി. പക്ഷേ, അപ്പോഴേക്കും പോലീസിന്റെ പിടിയിലായി.

വടമണില്‍ മേല്‍വിലാസംതിരക്കിയെത്തിയ പത്തടി കാഞ്ഞുവയല്‍ സുധീര്‍ മന്‍സിലില്‍ മുഹമ്മദ് യഹിയ (20) വീട്ടമ്മയായ ധര്‍മലതയോട് കുടിക്കാന്‍ വെള്ളം ചോദിക്കുകയും വെള്ളമെടുക്കാന്‍ അടുക്കളയിലേക്ക് കയറിയപ്പോള്‍ അവരുടെ പിന്നാലെയെത്തി കഴുത്തില്‍ക്കിടന്ന മാലപൊട്ടിച്ചു കടക്കുകയുമായിരുന്നു. സി.സി.ടി.വി. ദൃശ്യം കേന്ദ്രീകരിച്ചാണ് പോലീസ് രണ്ടുപ്രതികളെയും കണ്ടെത്തിയത്. 

Related News