ത്വക്ക് രോഗത്തിന് ചികിത്സ തേടി; അഞ്ചുവയസ്സുകാരന്‍റെ മൂക്കില്‍ കണ്ടെത്തിയത് എട്ടുമാസമായി കുടുങ്ങിക്കിടന്ന സേഫ്റ്റി പിന്‍

  • 04/08/2022

മലപ്പുറം: അഞ്ചുവയസ്സായ ആൺകുട്ടിയുടെ മൂക്കിൽ എട്ടുമാസമായി കുടുങ്ങിക്കിടന്നിരുന്ന സേഫ്റ്റി പിൻ നീക്കം ചെയ്തു. നിംസ് ഹോസ്പിറ്റലില്‍നിന്നാണ് പിന്‍ നീക്കം ചെയ്തത്. പോരൂര്‍ അയനിക്കോട് സ്വദേശിയായ കുട്ടിയുടെ മൂക്കിലായിരുന്നു പിൻ കുടുങ്ങിയത്. 

ത്വക്ക് സംബന്ധമായ അസുഖത്തിന് ചികിത്സ തേടി ആശുപത്രിയിൽ എത്തിയതായിരുന്നു കുട്ടി. പലതവണ ചികിത്സ നൽകിയിട്ടും അസുഖം ഭേദമാവാത്തതിനെത്തുടർന്ന് ത്വക്ക് ഡോക്ടർ ആയിഷ സപ്ന നടത്തിയ അന്വേഷണത്തിലാണ് മാസങ്ങൾക്കുമുമ്പ് പിൻ മൂക്കിൽ പോയ സംഭവം വീട്ടുകാര്‍ പറയുന്നത്. 

മൂക്കിനുള്ളിലകപ്പെട്ട പിൻ പിന്നീട് പുറത്തേക്ക് പോയതായും കുട്ടിയും കുടുംബവും പറഞ്ഞു. പക്ഷേ വിശദപരിശോധനയില്‍ കുട്ടിയുടെ മൂക്കിനകത്ത് തന്നെ പിൻ ഉണ്ടെന്ന് കണ്ടെത്തി. എട്ടുമാസത്തോളം മൂക്കിനകത്ത് ഇരുന്നതു കാരണം കോശങ്ങള്‍ വളര്‍ന്ന് പിന്‍ ശരീരത്തിനുള്ളില്‍ അകപ്പെട്ട അവസ്ഥയില്‍ ആയിരുന്നെന്ന് എക്‌സ്‌റേയില്‍ വ്യക്തമായി. 

തുടര്‍ന്ന് നിംസ് ആശുപത്രി എമര്‍ജന്‍സി വിഭാഗം ഡോ. രമേശിന്റെ സഹായത്തോടെ ഇ എന്‍ ടി ഡോക്ടര്‍ ഫാരിഷ ഹംസയുടെ നേതൃത്വത്തില്‍ നടത്തിയ ഒരു മണിക്കൂര്‍ നീണ്ട പ്രയത്‌നത്തിനൊടുവില്‍ ഓപ്പറേഷന്‍ കൂടാതെ തന്നെ പിൻ പുറത്തെടുക്കുകയായിരുന്നു.

 

Related News