റെയില്‍വേ ട്രാക്കിലൂടെ നടക്കുന്നതിനിടെ രണ്ടു സ്ത്രീകള്‍ തോട്ടില്‍ വീണു, ഒരാൾ മരിച്ചു

  • 06/08/2022

തൃശൂർ: റോഡിലെ വെള്ളക്കെട്ട് മൂലം റെയില്‍വേ ട്രാക്കിലൂടെ ജോലി സ്ഥലത്തേക്ക് നടന്നുനീങ്ങിയ രണ്ടു സ്ത്രീകള്‍ തോട്ടിൽ വീണു. ഇവരില്‍ ഒരാൾ മരിച്ചു. മറ്റൊരാൾ പരിക്കേറ്റ് ചികിത്സയിലാണ്. 

വിജയരാഘവപുരം സ്വദേശികളായ ചെമ്പോത്തുപറമ്പില്‍ മുജീബിന്റെ ഭാര്യ ഫൗസിയ (40), തൊറാപ്പടി ശ്രീജിത്തിന്റെ ഭാര്യ ദേവീകൃഷ്ണ (28) എന്നിവരാണ് വെള്ളക്കെട്ടില്‍ വീണത്. ഗുരുതരമായി പരുക്കേറ്റ ദേവീകൃഷ്ണയാണ് മരിച്ചത്.

ചാലക്കുടി വിജയരാഘവപുരത്ത് ഇന്നു രാവിലെ പത്തോടെയാണു സംഭവം ഉണ്ടായത്. ട്രെയിന്‍ വരുന്നതു കണ്ടു പരിഭ്രമിച്ച് ട്രാക്കില്‍ നിന്നു മാറി വശത്തേക്കു നീങ്ങി നിൽക്കാൻ ശ്രമിക്കുന്നതിനിടെ വെള്ളക്കെട്ടില്‍ വീഴുകയായിരുന്നു. മൂന്നു പേര്‍ ചേര്‍ന്നാണ് ജോലിക്കായി ട്രാക്കിലൂടെ നടന്നു പോയത്. ഇതില്‍ ഒരാള്‍ വെള്ളക്കെട്ടില്‍ വീഴാതെ രക്ഷപ്പെട്ടു.

റോഡുകളിലും മറ്റും വെള്ളം കയറിയത് മൂലം ജോലിക്കായി ട്രാക്കിലൂടെ പോകാന്‍ തീരുമാനിക്കുകയായിരുന്നു. വെള്ളക്കെട്ടിലെ മരക്കുറ്റിയിൽ തലയിടിച്ചാണു ദേവീകൃഷ്ണ മരിച്ചത്.

Related News