ആരോഗ്യമന്ത്രിക്കെതിരെ പ്രതിഷേധവുമായി കെ.ജി.എം.ഒ.എ

  • 07/08/2022

തിരുവനന്തപുരം: തിരുവല്ല താലൂക്കാശുപത്രിയില്‍ ഇന്നലെ ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ് നടത്തിയത് 'ജനക്കൂട്ട വിചാരണയാണെന്ന് ഡോക്ടര്‍മാരുടെ സംഘടനയ കെജിഎംഒഎ. ശനിയാഴ്ട രാവിലെ 11 മണിയ്ക്കായിരുന്നു മന്ത്രി താലൂക്കാശുപത്രിയില്‍ മിന്നല്‍ സന്ദര്‍ശനം നടത്തിയത്.


സൗകര്യങ്ങളുണ്ടായിട്ടും മതിയായ ഡോക്ടര്‍മാരുടെ സേവനമില്ല, മരുന്നില്ല തുടങ്ങിയ പരാതികള്‍ രോഗികള്‍ നേരിട്ട് മന്ത്രിയോട് പറഞ്ഞു. സംഭവത്തില്‍ സൂപ്രണ്ടിന് വിശദീകരണം നല്‍കാനായില്ലായിരുന്നു. തുടര്‍ന്ന് വീഴ്ചകളുടെ പേരില്‍ സൂപ്രണ്ടിനെ സ്ഥലം മാറ്റിയിരുന്നു. അതേസമയം സര്‍ക്കാര്‍ ആശുപത്രികളിലെ മരുന്ന് ക്ഷാമവും അനുബന്ധ പ്രശ്‌നങ്ങളും എ പല പ്രാവശ്യം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തിയതാണെന്ന് കെജിഎംഒഎ വ്യക്തമാക്കി.

മരുന്നുകളുടെ അഭാവം, ലഭ്യമായവയുടെ ഗുണ നിലവാരമില്ലായ്മ, രോഗീ വര്‍ധനവിനാനുപാതികമായി മരുന്നുകളുടെ വിതരണത്തിലെ അപര്യാപ്തത തുടങ്ങി സര്‍ക്കാര്‍ ആശുപത്രികള്‍ നേരിടുന്ന ഗുരുതര സാഹചര്യം സ്ഥാപന മേധാവികളും പലതവണ അറിയിച്ചതായി കെജിഎംഎഒ പറയുന്നു. ആശുപത്രികളിലെ മരുന്നുക്ഷാമത്തിന്റെ ഉത്തരവാദിത്തം സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ മേല്‍ അടിച്ചേല്പിച്ചു കൊണ്ട് ആരോഗ്യ വകുപ്പിന് കൈകഴുകാനുള്ള ഇത്തരം നടപടികള്‍ അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്ന് ഡോക്ടര്‍മാരുടെ സംഘടന വ്യക്തമാക്കി. സ്ഥാപന മേധാവികള്‍ വിചാരിച്ചാല്‍ നിമിഷനേരം കൊണ്ട് മരുന്നുകള്‍ വാങ്ങാന്‍ പറ്റുന്ന നടപടിക്രമങ്ങള്‍ അല്ല നിലവിലുള്ളത്. മരുന്നുകളുടെ വാര്‍ഷിക ഇന്‍ഡന്റ് കൊടുത്തതിനു ശേഷം മറ്റു മാര്‍ഗങ്ങളിലൂടെ മരുന്നുകള്‍ വാങ്ങുന്നതും, മുന്‍ വര്‍ഷങ്ങളില്‍ ഓര്‍ഡര്‍ ചെയ്ത മരുന്നുകള്‍ പോലും ഇപ്പോഴും ലഭ്യമാകാത്തതും തുടങ്ങി സ്ഥാപന മേധാവികള്‍ക്ക് ഓഡിറ്റ് തടസ്സങ്ങളും സാമ്പത്തിക ബാധ്യതകളും നേരിടേണ്ടി വരുന്ന അങ്ങേയറ്റം ഗൗരവതരമായ സാഹചര്യവും നിലനില്‍ക്കുന്നു. സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ നിലനില്‍ക്കുന്ന രൂക്ഷമായ മരുന്ന് ക്ഷാമം പരിഹരിക്കുവാനും ഗുണ നിലവാരമുള്ള മരുന്നുകള്‍ എത്രയും പെട്ടന്നു ലഭ്യമാക്കുവാനുള്ള ഇടപെടലുകള്‍ സര്‍ക്കാരിന്റെ ഭാഗത്തു നിന്നു എത്രയും പെട്ടെന്ന് ഉണ്ടാവണമെന്ന് എന്ന് കെജിഎംഒഎ ആവശ്യപെടുന്നു.

Related News