നവജാത ശിശുവിനെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം; പ്രതി അമ്മയെന്ന് പോലീസ്

  • 07/08/2022

ഹരിപ്പാട്: ഹരിപ്പാട് മണ്ണാറശാലയിലെ നവജാത ശിശുവിനെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയത് കുഞ്ഞിന്‍റെ അമ്മയെന്ന് പൊലീസ്. മണ്ണാറശാല  മണ്ണാറ പഴഞ്ഞിയിൽ ശ്യാം കുമാറിന്റെ  ഭാര്യ ദീപ്തി (26) ആണ് 48 ദിവസം പ്രായമുള്ള മകൾ  ദൃശ്യയെ കിണറ്റിൽ ഇട്ടത്. 

പ്രസവത്തിനു ശേഷം ഉണ്ടായ മാനസികാസ്വാസ്ഥ്യത്തിന് ചികിത്സയിലായിരുന്ന ദീപ്തി നേരത്തെ ആത്മഹത്യയ്ക്കും ശ്രമിച്ചിരുന്നു. ശനിയാഴ്ച ഉച്ചയ്ക്ക് ഒരു മണിക്കാണ് സംഭവം ഉണ്ടായത്. സംഭവം നടക്കുമ്പോള്‍  ദീപ്തിയുടെ അച്ഛൻ മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്. അമ്മയും സഹോദരനും ക്ഷേത്രത്തില്‍ പോയ സമയമായിരുന്നു. അച്ഛൻ  ഉറങ്ങിയ സമയത്ത് ഇവര്‍ കുഞ്ഞിനെ കിണറ്റിൽ ഇടുകയായിരുന്നു.

ഉറക്കമുണർന്ന പിതാവ് കുട്ടിയെ അന്വേഷിച്ചെങ്കിലും കണ്ടെത്തിയില്ല. തുടര്‍ന്ന് അമ്പലത്തിൽ പോയിരുന്ന മകനെയും ഭാര്യയെയും വിളിച്ചുവരുത്തി. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് കുഞ്ഞിനെ വീടിനുസമീപത്തെ  കിണറ്റിൽ  കണ്ടെത്തിയത്. ഉടൻതന്നെ ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും  മരണപ്പെടുകയായിരുന്നു. 

ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടത്തിയ പോസ്റ്റുമോർട്ടത്തിൽ മുങ്ങി മരിച്ചതായുള്ള റിപ്പോർട്ട് ലഭിച്ചു. തുടര്‍ന്ന് പോലീസ് പ്രതിയെയും ബന്ധുക്കളെയും ആദ്യം ചോദ്യം ചെയ്തു. കുഞ്ഞിന്റെ കരച്ചിൽ മാനസിക വെല്ലുവിളി നേരിടുന്ന അമ്മയ്ക്ക് അസഹ്യമായി മാറിയെന്നും  തുടർന്ന് കിണറ്റിൽ എറിയുകയും ആയിരുന്നുവെന്ന് ഹരിപ്പാട് പോലീസ് പറഞ്ഞു. പ്രതിയായ ദീപ്തിയെ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പൊലീസ് നിരീക്ഷണത്തിൽ പ്രവേശിപ്പിച്ചു. 

Related News