ബാണാസുര ഡാം തുറന്നു; കക്കയം ഡാമില്‍ ഓറഞ്ച് അലര്‍ട്ട്

  • 08/08/2022

വയനാട്: ബാണാസുര സാഗര്‍ ഡാം തുറന്നു. ജലനിരപ്പ് അപ്പര്‍ റൂള്‍ ലെവല്‍ കടന്നതിനെ തുടര്‍ന്നാണ് ബാണാസുര സാഗര്‍ ഡാം തുറന്നത്. ജലനിരപ്പ് 2539 അടിയായിരുന്നു. . മുന്‍പ് അറിയിച്ചിരുന്നതുപോലെ രാവിലെ എട്ടിനാണ് ഷട്ടര്‍ 10 സെന്റിമീറ്റര്‍ ഉയര്‍ത്തിയത്. നാല് ഷട്ടറുകളില്‍ ഒന്ന് ആണ് ഉയര്‍ത്തിയത്. ഒരു സെക്കന്റില്‍ 8.50ഘനമീറ്റര്‍ വെള്ളമാണ് പുറത്തേക്ക് ഒഴുക്കുന്നത്.

കക്കയം ഡാമില്‍ ജലനിരപ്പ് 756.50 മീറ്ററില്‍ എത്തിയതിനാല്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. ഡാമിലെ അധിക ജലം താഴേക്ക് ഒഴുക്കിവിടുന്ന നടപടികളുടെ ഭാഗമായി രണ്ടാംഘട്ട മുന്നറിയിപ്പായാണ് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചതെന്ന് തരിയോട് ഡാം സേഫ്റ്റി ഡിവിഷന്‍ എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു. കുറ്റ്യാടി പുഴയുടെ ഇരു കരകളിലും താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണം. അതേസമയം, ഷട്ടറുകള്‍ തുറന്നിട്ടും ഇടുക്കി, മുല്ലപ്പെരിയാര്‍ അണക്കെട്ടുകളില്‍ ജലനിരപ്പ് ഉയരുകയാണ്. ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2385 അടിയായി ഉയര്‍ന്നു. ഡീമിന്റെ മൂന്നു ഷട്ടറുകള്‍ ഇന്നലെ തുറന്നിരുന്നു. മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 138.75 അടിയിലെത്തി. സെക്കന്റില്‍ 12,667 ഘനയടിയാണ് നീരൊഴുക്ക്. പത്തു ഷട്ടറുകളിലൂടെ ഒഴുക്കുന്നത് സെനക്കന്റില്‍ 3,535 ഘനയടി വെള്ളം. അതേസമയം സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കോട്ടയം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം ,കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചത്. വടക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍കടലില്‍ ശക്തികൂടിയ ന്യൂനമര്‍ദ്ദം രൂപപ്പെട്ടിട്ടുണ്ട്. ഇത് തീവ്ര ന്യൂനമര്‍ദ്ദമാകാന്‍ സാധ്യതയാണുള്ളത്.


Related News