സി.പി.എം സംസ്ഥാന നേതൃയോഗത്തിന് ഇന്ന് തുടക്കം

  • 08/08/2022


തിരുവനന്തപുരം: അഞ്ച് ദിവസം നീണ്ട് നില്‍ക്കുന്ന സിപിഐഎം സംസ്ഥാന നേതൃയോഗങ്ങള്‍ക്ക് ഇന്ന് തുടക്കമാകും. സര്‍ക്കാറിന്റെ പ്രവര്‍ത്തനങ്ങളും ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങളുമാണ് പ്രധാനമായും ചര്‍ച്ചയാകുക. പി ജയരാജന്റെ കര്‍ക്കടക വാവ് ബലി പരാമര്‍ശവും, കിഫ്ബിയ്ക്ക് എതിരെയുള്ള ഇഡി അന്വേഷണത്തില്‍ സ്വീകരിക്കേണ്ട രാഷ്ട്രീയ നിലപാടും യോഗം ചര്‍ച്ച ചെയ്യും. ഇന്നും നാളെയും സെക്രട്ടറിയേറ്റും തുടര്‍ന്ന് മൂന്ന് ദിവസം സംസ്ഥാന സമിതിയുമാണ് ചേരുക.


ഇഡിയ്ക്ക് മുന്നില്‍ തോമസ് ഐസക്ക് ഹാജരാകണമോ എന്ന ചോദ്യമാണ് സിപിഐഎമ്മിനെ കുഴയ്ക്കുന്നത്. അന്വേഷ ഏജന്‍സിയ്ക്ക് മുന്നില്‍ ഹാജരാകേണ്ടതില്ലെന്നും ചോദ്യങ്ങള്‍ക്ക് രേഖാമൂലം മറുപടി നല്‍കിയാല്‍ മതിയെന്നുമാണ് ലഭിച്ചിരിക്കുന്ന നിയമോപദേശം. ഐസക്കിനെ ചോദ്യം ചെയ്താല്‍ അടുത്ത ലക്ഷ്യം മുഖ്യമന്ത്രി ആയിരിക്കുമെന്ന ആശങ്കയും പാര്‍ട്ടിക്കുണ്ട്. രാഷ്ട്രീയമായി ഈ പ്രതിസന്ധിയെ മറികടക്കാനുള്ള വഴികള്‍ ആയിരിക്കും യോഗങ്ങള്‍ അന്വേഷിക്കുക. സര്‍ക്കാരിന്റെ ഒരു വര്‍ഷത്തെ പ്രവര്‍ത്തനവും അടുത്ത നാലുവര്‍ഷം നടപ്പാക്കേണ്ട പദ്ധതികളുടെ മുന്‍ഗണന ക്രമവുമാണ് യോഗത്തിന്റെ പ്രധാന അജണ്ട. അടുത്ത ലോകസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായിയുള്ള ഒരുക്കങ്ങളും ആസൂത്രണം ചെയ്യും. കര്‍ക്കടകം ഒന്നിന് ഫേസ്ബുക്കിലിട്ട പോസ്റ്റാണ് സംസ്ഥാന സമിതി അംഗം പി ജയരാജനെ കുരുക്കിയത്. തെറ്റിദ്ധാരണ ഉണ്ടാക്കിയെന്ന പാര്‍ട്ടി വിമര്‍ശനം അംഗീകരിച്ചെങ്കിലും, തെറ്റുപറ്റിയതായി പി ജയരാജന്‍ സമ്മതിച്ചിട്ടില്ല. ഗവര്‍ണറും സര്‍ക്കാരും തമ്മിലുള്ള പോരില്‍ സ്വീകരിക്കേണ്ട തുടര്‍നടപടികളും യോഗങ്ങളില്‍ ചര്‍ച്ചയാകും.



Related News