കോഴിക്കോട് മേയര്‍ക്കെതിരെ ഉചിതമായ നടപടിയെടുക്കാന്‍ സംസ്ഥാന സെക്രട്ടറിയേറ്റിന്റെ നിര്‍ദേശം

  • 08/08/2022

കോഴിക്കോട്: സംഘപരിവാര്‍ സംഘടനയായ ബാലഗോകുലം സംഘടിപ്പിച്ച പരിപാടിയില്‍ കോഴിക്കോട് മേയര്‍ ബീന ഫിലിപ്പ് പങ്കെടുത്തതില്‍ അതൃപ്തി രേഖപ്പെടുത്തി സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്. മേയറുടെ നടപടി തെറ്റായിപ്പോയെന്നും പാര്‍ട്ടി സമീപനത്തിനും നിലപാടിനും വിരുദ്ധമായ കാര്യമാണ് മേയറുടേതെന്നും സംസ്ഥാന സെക്രട്ടേറിയറ്റ് വിലയിരുത്തി. ഇക്കാര്യത്തില്‍ ഉചിതമായ നടപടിയെടുക്കാന്‍ സിപിഎം ജില്ലാ ഘടകത്തെ പാര്‍ട്ടി ചുമതലപ്പെടുത്തി.

ബാലഗോകുലം സംഘടിപ്പിച്ച പരിപാടിയില്‍ കോഴിക്കോട് മേയര്‍ ബീന ഫിലിപ്പ് പങ്കെടുത്തതിനെ പരസ്യമായി തള്ളിപ്പറഞ്ഞ് സിപിഎം ജില്ലാ നേതൃത്വം രംഗത്തുവന്നിരുന്നു. ആര്‍എസ്എസ് നിയന്ത്രണത്തിലുള്ള സംഘടന സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്ത് സംസാരിച്ച മേയറുടെ നിലപാട് ശരിയായില്ലെന്ന് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി.മോഹനന്‍ പ്രസ്താവനയില്‍ വ്യക്തമാക്കി. 'കോഴിക്കോട് കോര്‍പറേഷന്‍ മേയര്‍ ഡോ.ബീന ഫിലിപ്പ് ആര്‍.എസ്.എസ് നിയന്ത്രണത്തിലുള്ള സംഘടന സംഘടിപ്പിച്ച വേദിയില്‍ പങ്കെടുത്ത് സംസാരിച്ച നിലപാട് ശരിയായില്ല ഇക്കാര്യത്തിലുള്ള മേയറുടെ സമീപനം സി.പി.ഐ.(എം )എല്ലാ കാലവും ഉയര്‍ത്തിപ്പിടിച്ചു വരുന്ന പ്രഖ്യാപിത നിലപാടിന് കടക വിരുദ്ധമാണ് .ഇത് സി.പി.ഐ.എം. ന് ഒരു വിധത്തിലും അംഗീകരിക്കാവുന്നതല്ല .അക്കാരണം കൊണ്ട് തന്നെ ഇക്കാര്യത്തിലുള്ള മേയറുടെ നിലപാടിനെ പരസ്യമായി തള്ളിപ്പറയുന്നതിന് സി.പി.ഐ. (എം ) തീരുമാനിച്ചു.' പി.മോഹനന്‍ പ്രസ്താവനയില്‍ പറഞ്ഞു.

Related News