ഗവര്‍ണറുമായി ഏറ്റുമുട്ടലിനില്ലെന്ന് ഇ.പി ജയരാജന്‍

  • 09/08/2022

തിരുവനന്തപുരം : ലോകായുക്ത ഓര്‍ഡിനന്‍സ് അടക്കം 11 ഓര്‍ഡിനന്‍സുകള്‍ അസാധുവായതുകൊണ്ട് സംസ്ഥാനത്ത് ഭരണ സ്തംഭനാവസ്ഥയില്ലെന്ന് എല്‍ ഡി എഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍. ഓര്‍ഡിനന്‍സുകളില്‍ ഒപ്പിടാത്ത സമീപനം സ്വീകരിച്ച ഗവര്‍ണറോട് ഏറ്റുമുട്ടല്‍ സമീപനം സര്‍ക്കാര്‍ സ്വീകരിച്ചിട്ടില്ല. അസാധാരണ സാഹചര്യം സാധാരണ സാഹചര്യമായി തീരും. പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ അത് പരിഹരിക്കും. ജനങ്ങള്‍ക്ക് വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നതതെന്നും എല്‍ ഡി എഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍ പറഞ്ഞു.

കോഴിക്കോട് മേയര്‍ ബാലഗോകുലം പരിപാടിയില്‍ പങ്കെടുത്തതിനെ കുറിച്ച് ജില്ലാ കമ്മറ്റി പരിശോധിക്കുമെന്ന് എല്‍ ഡി എഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍ പറഞ്ഞു. സംസ്ഥാന പാര്‍ട്ടിയും ആവശ്യമായ നിര്‍ദേശവും ഇടപെടലും നടത്തുമെന്നും ഇ പി ജയരാജന്‍ പറഞ്ഞു.എ. കെ. ജി സെന്റര്‍ ആക്രമണത്തെ കുറിച്ച് സമര്‍ഥരായ ഉദ്യോഗസ്ഥരെ വച്ച് സര്‍ക്കാര്‍ അന്വേഷിക്കുകയാണ്. കൊലപാതക കേസുകളിലെ പ്രതികളെ പോലും അതിവേഗം പിടിക്കുന്ന പൊലീസ് സംവിധാനമാണ് ഇവിടെ ഉള്ളത്. എന്നാല്‍ സമര്‍ഥരായ കുറ്റവാളികളാണ് എ കെ ജി സെന്റര്‍ ആക്രമണത്തിന് പിന്നിലുള്ളത്.അതുകൊണ്ട് പിടികൂടാന്‍ സമയം എടുത്തേക്കും. എ കെ ജി സെന്റര്‍ ആക്രമണത്തെ കുറിച്ച് സ്ഥിരമായി ഇങ്ങനെ ചോദിച്ചാല്‍ ചോദ്യത്തിന് നിലവാരമില്ലാതാകുമെന്നും എല്‍ ഡി എഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍ പ്രതികരിച്ചു

Related News