ചാരായം വാറ്റിയ എ.ഐ.എസ്.എഫ് നേതാവും കുടുംബവും അറസ്റ്റില്‍; എക്‌സൈസ് സംഘത്തെ ആക്രമിച്ചു

  • 10/08/2022

കൊല്ലം: എക്സൈസ് സ്പെഷ്യല്‍ സ്‌ക്വാഡ് നടത്തിയ മിന്നല്‍പ്പരിശോധനയില്‍ പത്തുലിറ്റര്‍ വാറ്റുചാരായവുമായി എ.ഐ.എസ്.എഫ്. ജില്ലാ നേതാവും കുടുംബവും അറസ്റ്റില്‍. പരിശോധനയ്ക്കെത്തിയ എക്സൈസ് സംഘത്തെ ആക്രമിക്കുകയും വാഹനം തല്ലിത്തകര്‍ക്കുകയും ചെയ്തു.

എ.ഐ.എസ്.എഫ്. ജില്ലാ കമ്മിറ്റി അംഗവും ശൂരനാട് മണ്ഡലം പ്രസിഡന്റുമായ ശൂരനാട് വടക്ക് ഇടപ്പനയം അമ്മുനിവാസില്‍ അമ്മു (25), സഹോദരന്‍ അപ്പു (23), അമ്മ ബിന്ദു ജനാര്‍ദനന്‍ (45) എന്നിവരാണ് അറസ്റ്റിലായത്. റെയ്ഡിനായി വന്ന വനിതാ ഉദ്യോഗസ്ഥരെയടക്കം ആക്രമിക്കുകയും വാഹനം തകര്‍ക്കുകയും ചെയ്ത കേസില്‍ പിതാവ് ജനാര്‍ദനന്‍ (60), വിജില്‍ ഭവനത്തില്‍ വിനോദ് (41), മകന്‍ വിജില്‍ (20) എന്നിവരെ ശൂരനാട് പോലീസ് അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ച പുലര്‍ച്ചെയാണ് സംഭവം.ബിന്ദുവിന്റെ പേരില്‍ നേരത്തേയും അബ്കാരി കേസുണ്ട്. കാലങ്ങളായി ചാരായംവില്‍പ്പന നടത്തിവരികയായിരുന്നു. ഇതിനെതിരേ നിരന്തര പരാതികളും ലഭിച്ചിരുന്നു. അമ്മുവിന്റെ രാഷ്ട്രീയ ബന്ധം മറയാക്കിയായിരുന്നു കച്ചവടമെന്ന് എക്സൈസ് സംഘം പറഞ്ഞു. ഉദ്യോഗസ്ഥര്‍ പരിശോധനയ്ക്കെത്തുമ്പോള്‍ ഇവര്‍ ആക്രമിക്കുക പതിവാണ്. ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തില്‍ നേരത്തേയും ഇവര്‍ക്കെതിരേ ശൂരനാട് പോലീസ് കേസെടുത്തിട്ടുണ്ട്. 

കേസിനെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് സംഭവസ്ഥലത്തെത്തിയ കൊല്ലം ഡെപ്യൂട്ടി എക്സൈസ് കമ്മിഷണര്‍ ബി.സുരേഷ് പറഞ്ഞു. എക്സൈസ് സംഘത്തെ ആക്രമിച്ച ജനാര്‍ദനനും കൂട്ടുപ്രതികളും സംഭവത്തിനുശേഷം ഒളിവില്‍പ്പോയി. ഇവരെ ഉച്ചയോടെയാണ് ശൂരനാട് പോലീസ് പിടികൂടിയത്. പരിക്കേറ്റ വനിതാ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ളവര്‍ ശാസ്താംകോട്ട താലൂക്ക് ആശുപത്രിയില്‍ ചികിത്സതേടി.എക്സൈസ് ഇന്‍സ്പെക്ടര്‍ ബി.വിഷ്ണു, പ്രിവന്റീവ് ഓഫീസര്‍ മനോജ് ലാല്‍, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ ശ്രീനാഥ്, നിധിന്‍, അജിത്, ജൂലിയന്‍ ക്രൂസ്, വനിതാ സിവില്‍ എക്സൈസ് ഓഫീസര്‍മാരായ ഗംഗ, ശാലിനി ശശി, ജാസ്മിന്‍, ഡ്രൈവര്‍ നിഷാദ് എന്നിവരുടെ നേതൃത്വത്തിലാണ് റെയ്ഡ് നടത്തിയത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Related News