'കരച്ചില്‍ മൂലം ഉറങ്ങാനാകുന്നില്ല'; നാലുവയസ്സുകാരന് ക്രൂര മര്‍ദ്ദനം, മടലുകൊണ്ട് മുഖത്തും ശരീരത്തിലും അടിച്ചു, രണ്ടാനച്ഛൻ അറസ്റ്റിൽ

  • 10/08/2022

തൃശ്ശൂര്‍: നാലുവയസ്സുകാരനെ ക്രൂരമായി മര്‍ദിച്ച രണ്ടാനച്ഛൻ അറസ്റ്റിൽ. തൃപ്രയാര്‍ ചൂലൂര്‍ അരിപ്പുറം വീട്ടില്‍ നൗഫല്‍ എന്ന പ്രസാദിനെയാണ് (29) കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തത്. കേച്ചേരിക്കടുത്ത് തൂവാനൂരിലാണ് സംഭവം ഉണ്ടായത്.

രാത്രി കുട്ടി കരയുന്നതിനാൽ ഉറങ്ങാൻ കഴിയുന്നില്ലെന്ന് പറഞ്ഞ് ഇയാള്‍ മടലുകൊണ്ട് കുട്ടിയെ മർദ്ദിക്കുകയായിരുന്നു. മുഖത്തും ശരീരത്തിലും അടിയേറ്റ കുട്ടി തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. എതിര്‍ക്കാന്‍ ശ്രമിച്ച അമ്മയെ ഇയാള്‍ ഭീഷണിപ്പെടുത്തി. 

മര്‍ദ്ദനത്തില്‍ കുട്ടിയുടെ ജനനേന്ദ്രിയത്തിനും പരിക്കേറ്റിട്ടുണ്ട്. ബസ് തൊഴിലാളിയായ ഇയാള്‍ രാവിലെ ജോലിക്ക് പോയപ്പോള്‍ അമ്മ കുട്ടിയെയും കൂട്ടി അയല്‍വീട്ടിലെത്തി വിവരം അറിയിക്കുകയായിരുന്നു. നാട്ടുകാര്‍ ഇവരെ കുന്നംകുളം താലൂക്ക് ആശുപത്രിയിലെത്തിച്ചു. വിവരമറിഞ്ഞെത്തിയ കുന്നംകുളം പോലീസ് കുട്ടിയുടെ മൊഴി രേഖപ്പെടുത്തി. ഉച്ചയോടെ പ്രതിയെ കേച്ചേരിയില്‍നിന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു. 

ഡോക്ടറുടെ നിർദേശത്തിൽ കുട്ടിയെ വിദഗ്ധ ചികിത്സക്ക് തൃശ്ശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്. കുട്ടിയുടെ ശരീരത്തിൽ പഴക്കമുള്ള  മുറിവുകൾ ഉള്ളതായി ഡോക്ടർമാർ പറഞ്ഞു. മുമ്പും പ്രസാദ് കുട്ടിയെ മർദ്ദിച്ചിട്ടുണ്ടെന്നാണ് വിവരം. കുന്നംകുളം തൃശ്ശൂർ റൂട്ടിലോടുന്ന സ്വകാര്യ ബസിലെ കണ്ടക്ടറാണ് ഇരുപത്തിയൊമ്പതുകാരനായ പ്രസാദ്. രണ്ട് മാസം മുമ്പാണ് കുഞ്ഞിന്‍റെ അമ്മയെ ഇയാൾ വിവാഹം കഴിച്ചതെന്ന് പോലീസ് പറഞ്ഞു.
 

Related News